കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തന രംഗത്ത് നിന്ന് മാറിനിൽക്കാൻ തീരുമാനിച്ച കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മുരളീധരനെ വീട്ടിലെത്തി സന്ദർശിച്ചു.
മുരളീധരനെ വന്ന് കാണുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് സുധാകരൻ സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുരളീധരനെ തിരിച്ചുകൊണ്ടുവരും. അദ്ദേഹം ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. തൃശൂരിൽ സംഘടനാ രംഗത്ത് പാളിച്ചയുണ്ടായി. അക്കാര്യം പാർട്ടി ചർച്ച ചെയ്യും. പൊതുരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന് മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വികാരമാണ്. അത് ഞങ്ങൾക്ക് മനസിലാകും. വടകരയിൽ നിന്ന് മുരളിയെ തൃശൂരിലേക്ക് കൊണ്ടുപോയത് മണ്ടൻ തീരുമാനം അല്ലായിരുന്നുവെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ പറഞ്ഞു.
കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്‌ത് തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവിയടക്കം അതിൽ ചർച്ചയാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അതിനിടെ, റായ്‌ബറേലിയിൽ കൂടി ജയിച്ചതിനാൽ വയനാട് മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ ഈ സീറ്റിലേക്ക് കെ മുരളീധരനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തൃശൂരിലെ തോൽവിയിലൂടെ മുരളീധരനുണ്ടായ വിഷമം ഏത് വിധേനയും മാറ്റിയെടുക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. വടകരയിലും നേമത്തും തൃശൂരിലും അടക്കം പാർട്ടി പറഞ്ഞിടത്തെല്ലാം എതിര് പറയാതെ മൽസരിച്ച മുരളീധരൻ തൃശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്ത് ഇനിയില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തോൽവിയോട് പ്രതികരിച്ചത്.
മുതിർന്ന നേതാക്കൾ പലരും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റ വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നൽകണമെന്നാണ് മുന്നണി നേതാക്കൾ പോലും പറയുന്നത്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ