പഴയങ്ങാടി: മാടായിപ്പാറയിൽ കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പ്രതികൾക്ക് പിഴ ചുമത്തി പോലീസ്. കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച കോൺക്രീറ്റ് സർവേക്കല്ലിന് 1125 രൂപ ചെലവു വരുമെന്നാണ് കണക്ക്. സ്‌ഥാപിക്കാനുള്ള ചെലവ് ഉൾപ്പടെയാണിത്. 8 കല്ലുകളാണ് മാടായിപ്പാറയിൽ പിഴുതു മാറ്റിയത്. ഈ കണക്ക് പ്രകാരം 9000 രൂപയായിരിക്കും പ്രതികൾ കെട്ടിവയ്‌ക്കേണ്ടി വരിക.
സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതലിന്റെ നഷ്‌ടത്തിന് സമാനമായ തുക പിഴ അടച്ചെങ്കിൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളൂ. കെ റെയിൽ സെക്ഷൻ എഞ്ചിനീയർ വി ശ്യാമയുടെ പരാതിയിലാണു കേസെടുത്തത്.
മാടായിപ്പാറ റോഡരികിൽ പിഴുതുമാറ്റി കൂട്ടിയിട്ട 8 സർവേക്കല്ലുകൾ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായി പഴയങ്ങാടി പൊലീസ് അറിയിച്ചു. സർവേക്കല്ല് കൂട്ടിയിട്ടതിന് 100 മീറ്റർ അകലെയായി മോട്ടർ വാഹനവകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
Also Read: വീണ്ടും സിപിഎമ്മിന്റെ തിരുവാതിര, പങ്കെടുത്തത് നൂറിലേറെ പേർ; രൂക്ഷവിമർശനം