മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ പങ്കെടുത്ത് കത്വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും. ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പികെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
“താനൂരില്‍ ജനഹൃദയങ്ങളില്‍ ആവേശം നിറച്ച യുഡിവൈഎഫ് യുവജന റാലിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ ദീപിക സിംഗ് രജാവത്തിനൊപ്പം!,”- എന്ന കുറിപ്പോടെയായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.
പികെ ഫിറോസിനെതിരായ കത്വ കേസ് ഫണ്ട് തിരിമറി ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായതിന് ശേഷവും ദീപിക സിംഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം. കത്വയില്‍ ബലാൽസംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക പികെ ഫിറോസ് വകമാറ്റിയെന്നായിരുന്നു പരാതി.
എന്നാല്‍ തുക ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കുമായി നല്‍കിയെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇതിനെ തള്ളി ദീപികാ സിംഗ് രജാവത്ത് രംഗത്തെത്തിയിരുന്നു. താന്‍ പണം വാങ്ങാതെയാണ് കേസ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ല എന്നുമായിരുന്നു ദീപിക പറഞ്ഞത്.
എന്നാല്‍ ദീപികയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുക ആണ് എന്നായിരുന്നു ലീഗ് നേതൃത്വം ഇതിന് മറുപടിയായി പറഞ്ഞത്. തനിക്കെതിരായ ആരോപണം തള്ളി ഫിറോസും രംഗത്ത് എത്തിയിരുന്നു.
Also Read: രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ