എലത്തൂർ: ഹിന്ദുസ്‌ഥാൻ പെട്രോളിയം പ്ളാന്റിൽ (എച്ച്പിസിഎൽ) നിന്ന് വീണ്ടും ഇന്ധന ചോർച്ചയെന്ന് നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് നിലപാടിലാണ് എച്ച്പിസിഎൽ. 2000 ലിറ്ററിലേറെ ഡീസൽ പ്ളാന്റിലേക്ക് മാറ്റിയെന്ന് എച്ച്പിസിഎൽ അറിയിച്ചു.
ഫറോക്ക് ഐഒസിയിൽ നിന്ന് രാത്രി 12 മണിയോടെ എത്തിയ അഗ്‌നിരക്ഷാ സേനയും ടെക്‌നിക്കൽ സംഘവുമാണ് മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലും ബാരലിലേക്കും ഇന്ധനം മാറ്റി പ്ളാന്റിലേക്ക് കൊണ്ടുപോയത്. ബാരലുകൾ പ്ളാന്റിൽ ഇല്ലാത്തതിനാൽ ഡീസൽ ശേഖരിക്കുന്നത് വൈകിയിരുന്നു. ടാങ്കർ ലോറി എത്തിച്ചാണ് പരിഹരിച്ചത്.
എറണാകുളത്തെ പ്ളാന്റിൽ നിന്ന് പത്തോളം ബാരലുകൾ പുലർച്ചെ ഒരുമണിയോടെ എത്തിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓടയിലൂടെ ഡീസൽ ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ എലത്തൂർ പോലീസ് പ്ളാന്റ് മാനേജരെ വിവരമറിയിക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുക്കുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, രണ്ടര മണിക്കൂറിന് ശേഷവും ഓടയിലൂടെ ഡീസൽ ചോർന്നതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. പിന്നാലെ രാത്രി അസിസ്‌റ്റന്റ് കളക്‌ടർ ഉൾപ്പടെയുള്ളവർ എത്തി നാട്ടുകാരുമായി ചർച്ച നടത്തുകയായിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!