തൃശൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സ്‌ഥാനം രാജിവെച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ്. പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്ന് അറിയിച്ചുള്ള വാര്‍ത്താ കുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം വ്യക്‌തമാക്കിയത്.
‘കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ കൂടിയായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്‌തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്‌ഥാനത്തിന് ഉള്ളതിനാല്‍ അത് ഞാന്‍ തിരിച്ചറിയാന്‍ വൈകിയെന്നേയുളളൂ.
ആരെയും ചതിക്കാനോ കെണിയില്‍പ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നില്‍ക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എന്റെ ജീവിതം. കെപിസിസി അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി’- ഡേവിഡ് പറയുന്നു.
മനസില്‍ കെടാത്ത വിളക്കായി, പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവര്‍ണക്കൊടിയും മങ്ങലേല്‍ക്കാതെ ഇത്രയും നാള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ കെടാവിളക്ക് അണയുകയും ത്രിവര്‍ണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്നും ഡേവിഡ് പറയുന്നു. ആ ത്രിവര്‍ണക്കൊടിയെ ഹൃദയത്തില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
കൊലപാതകത്തില്‍ പങ്കെടുത്ത കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും അവരെ പിന്തുണക്കുന്നു എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ധീരജിന്റേത് ഇരന്നുവാങ്ങിയ രക്‌തസാക്ഷിത്വമെന്ന തരത്തിൽ ധീരജിന്റെ മരണത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
Read also: കോൺഗ്രസിൽ സീറ്റില്ല; പഞ്ചാബിൽ സ്വതന്ത്രനാവാൻ ചന്നിയുടെ സഹോദരന്‍