സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

By News Desk, Malabar News
Adventure trip to Mizoram
Representational Image
Ajwa Travels

വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്) പ്രധാനപ്പെട്ട ഇടമാണ് മിസോറാം. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന കുന്നുകളും ശ്വാസം അടക്കി മാത്രം നോക്കാൻ കഴിയുന്ന താഴ്വരകളും മിസോറാമിനെ കൂടുതൽ സുന്ദരിയാക്കുന്നു. മലകയറ്റക്കാരുടെ സ്വർഗം എന്നും ഈ സംസ്ഥാനത്തെ വിശേഷിപ്പിക്കാറുണ്ട്. ഇതിനു പുറമേ വനങ്ങളും മുളങ്കൂട്ടങ്ങളും കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും നാടൻ കലാരൂപങ്ങളുമെല്ലാം സഞ്ചാരികളെ മിസോറാമിലേക്ക് ആകർഷിക്കുന്നു.
മംഗളോയിഡ് വംശത്തിൽപെട്ട മനുഷ്യരാണ് മിസോറാമിലുള്ളത്. മിസോകൾ എന്നറിയപ്പെടുന്ന ഈ വിഭാഗം വ്യത്യസ്ത ഗോത്രങ്ങളായാണ് വസിക്കുന്നത്. മിസോ എന്നാൽ ‘മലമുകളിലെ മനുഷ്യർ’ എന്നാണ് അർഥം. കാലങ്ങളോളം ബ്രിട്ടീഷുകാർ ഭരിച്ച ഈ നാടിന്റെ ചരിത്രം 18-ാം നൂറ്റാണ്ട് മുതൽ മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അസമിലെ ഒരു ജില്ല മാത്രമായിരുന്നു മിസോറാം.

ബംഗ്ലദേശും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മിസോറാമിൽ ഇപ്പോഴും നഗരവത്കരണം കാര്യമായി എത്തിയിട്ടില്ല. അതിനാൽ പ്രകൃതിയെ അതിന്റെ തനിമയോടെ കാത്ത് സൂക്ഷിക്കാൻ അവർക്ക് കഴിയുന്നു. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കും അനിയോജ്യമായ സ്ഥലമാണ് മിസോറാം. ഏത് കാലാവസ്ഥയിലും ധൈര്യമായി യാത്ര പുറപ്പെടാം. മിസോറാമിന്റെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ് ‘ഐസ്വാൾ’. മറ്റേത് മിസോ നഗരങ്ങളെയും പോലെ കുന്നുകളാലും മലകളാലും ചുറ്റപ്പെട്ട ഭംഗിയുള്ള കാഴ്ചകളാണ് ഇവിടെയും കാത്തിരിക്കുന്നത്. ഡാർടാങ് ഹിൽസ്, പൈഖായ്, മിസോറാം സ്റ്റേറ്റ് മ്യൂസിയം, കാൻലങ് വൈൽഡ് ലൈഫ് സാങ്ച്വറി എന്നിവയാണ് ഐസ്വാളിന്റെ പ്രധാന ആകർഷണങ്ങൾ. ഇത് കൂടാതെ ചാംപായ്, പലക് ദിൽ, തുടങ്ങിയ സ്ഥലങ്ങളും മിസോറാമിന്റെ പ്രത്യേകതകളാണ്. മിസോറാമിലെ ഏറ്റവും ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ നാടാണ് സെർചിപ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ സസ്യങ്ങളെയും ജന്തുക്കളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

ചെറാവു (ബാംബൂ ഡാൻസ്), ഖുവാൽ ലാം (അതിഥികൾക്കായുള്ള പ്രത്യേക നൃത്തം), ചെയ് ലാം (ആനന്ദ നൃത്തം) എന്നിവയാണ് ഇവിടുത്തെ പ്രധാന കലാരൂപങ്ങൾ. അതായത് പ്രകൃതിയെ കാണാൻ വരുന്നവർക്ക് പച്ചപ്പും കാണാം കൂടെ ഡാൻസും പാട്ടുമായി ആഘോഷമാക്കുകയും ചെയ്യാം. മിസോറാമിലെ ഭക്ഷണം രുചിക്കാതെ യാത്ര പൂർണമാവില്ല. ഉത്തരേന്ത്യനും ചൈനീസ് രുചിയും ചേർന്നതാണ് ഇവിടുത്തെ ഭക്ഷണം. ബായ് എന്ന പേരുള്ള സൂപ്പ്, കോട്ട് പീത്ത എന്ന നാലുമണി പലഹാരം തുടങ്ങി ആഹാരത്തിലും നിറയെ വൈവിധ്യങ്ങളാണ് ഇവിടെ. കൃഷി പ്രധാന വരുമാന മാർഗമായ ഇവിടെ എല്ലാ വർഷവും നടത്തുന്ന വിന്റർ ഫെസ്റ്റിവൽ ലോക പ്രശസ്തമാണ്.

അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് മിസോറാമിനുള്ളത്. സ്ഥലത്ത് എത്തിപ്പെടാൻ അല്പം പാടാണെങ്കിലും എത്തിയാൽ കഷ്ടപ്പാടിന് ഫലമുണ്ടാവും എന്നത് മിസോറാം ഉറപ്പ് തരുന്നു.  കുന്നിൻ മുകളിലെ താമസക്കാരുടെ ഈ നാടിനു പറയാനുള്ള ഒരുപാട് രഹസ്യങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE