തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ കുരുക്ക്. 28 വർഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ട് നീക്കി കൊണ്ടുപോകുന്ന വിവരങ്ങൾ പുറത്തായി. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് കേസ്.

1994ല്‍ വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസാണ് ഇതിനെല്ലാം ആധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.

അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാള്‍ എത്തുന്നു. പ്രതിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്‌തുക്കളും വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിൽ എത്തുന്നു. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങള്‍, തൊണ്ടി രജിസ്‌റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ് റെക്കോര്‍ഡര്‍ എല്ലാം എടുക്കുന്നു. ഇതിനൊപ്പം കോടതി ചെസ്‌റ്റില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്‌ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്‌ത്രമാണ് പിന്നീട് കേസില്‍ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്.

കേസ് ഹൈക്കോടതിയില്‍ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ഇത് തിരികെ ഏല്‍പിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്‌ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ആദ്യകേസില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തില്‍ വ്യക്‌തമാണ്.

എന്നാല്‍ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമന്‍സ് അയച്ചിട്ടും വ്യക്‌തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് വാറന്റ് സാധാരണ ഗതിയില്‍ കോടതി ചെയ്യാറുള്ളത്. എന്നാല്‍ 22 തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വ്യക്‌തമല്ല.

28 വര്‍ഷമായി ഒരു കേസ് ആരംഭിച്ചിട്ട്. അതില്‍ കോടതിയെ കബളിപ്പിച്ച് കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചെയ്‌തത്‌ അഭിഭാഷകനായ ആന്റണി രാജുവും കോടതി ജീവനക്കാരനുമാണെന്ന് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഗൗരവമേറിയ വിഷയമായിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Most Read: ക്ഷേത്രവളപ്പിൽ ഇറച്ചി എറിഞ്ഞു; യുപിയിൽ മൂന്ന് മാംസക്കടകൾക്ക് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE