മലയാളത്തിന്റെ സൂപ്പർ സ്‌റ്റാർ മഞ്‌ജു വാര്യരുടെ പുതിയ ചിത്രം ‘ആയിഷ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി. മഞ്‌ജുവിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്‌റ്റർ പുറത്തുവിട്ടത്. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകൻ. അടുത്തവർഷം ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക.
ഇന്തോ- അറബിക് പശ്‌ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളിൽ സംവിധായകൻ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ഷംസുദ്ധീൻ എംടി, ഹാരിസ് ദേശം, പിബി അനീഷ്, സക്കറിയ വാവാട് എന്നിവരാണ് സഹ നിർമാതാക്കൾ.
‘നിങ്ങൾക്ക് ആയിഷയെ പരിചയപ്പെടുത്തുന്നു. ഒരു പക്ഷേ മലയാളത്തിലെയും അറബിയിലേയും ആദ്യ വാണിജ്യ സിനിമ. അമീർ, സക്കറിയ മുഴുവൻ ടീമിനൊപ്പം ആവേശകരമായ യാത്രക്കായി കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് മഞ്‌ജു ഫേസ്ബുക്കിൽ പോസ്‌റ്റർ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കം നിരവധി താരങ്ങൾ ഇതിനോടകം പോസ്‌റ്റർ പങ്കുവെച്ചു കഴിഞ്ഞു.
ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. വിഷ്‌ണു ശർമ ഛായാഗ്രാഹകനായ ചിത്രത്തിന് സംഗീതം പകരുന്നത് എം ജയചന്ദ്രനാണ്. എഡിറ്റർ-അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്‌ത്രാലങ്കാരം- മസ്ഹർ ഹംസ, ചമയം-റോണക്‌സ് സേവ്യർ, ശബ്‌ദ സംവിധാനം- ടോണി ബാബു, ഗാനരചന- ബികെ ഹരി നാരയണൻ, സുഹൈൽ കോയ.
Most Read: ‘വെള്ള’ വസ്‌ത്രങ്ങളുടെ ശോഭ കെടാതിരിക്കാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ