മലപ്പുറം: ജില്ലയിലെ അമരമ്പലം കൂറ്റമ്പാറയിൽ 2 കോടി രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടിയ സംഭവത്തിൽ മലപ്പുറം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും. കഴിഞ്ഞ 17ആം തീയതി പുലർച്ചെയാണ് 183 കിലോഗ്രാം കഞ്ചാവ്, 910 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയത്.
കൂറ്റമ്പാറ വടക്കുംപാടം അബ്‌ദുൽ ഹമീദ്(24), കല്ലിടുമ്പൻ ജംഷാദ്(36) ഓടക്കൽ അലി(34), എടക്കര ഇല്ലിക്കാട് കളത്തിൽ ഷറഫുദ്ദീൻ(40) എന്നിവരാണ് സംഭവത്തെ തുടർന്ന് അറസ്‌റ്റിലായത്. 3 പേർ ഇതിനിടെ രക്ഷപെടുകയും ചെയ്‌തു. ഇവർ ഉപയോഗിച്ചിരുന്ന കാർ, ബൈക്ക്, 7 മൊബൈൽ ഫോൺ, പാൻ കാർഡ് എന്നിവ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ആന്ധ്രാപ്രദേശിൽ നിന്നെത്തിച്ച ലഹരിവസ്‌തുക്കൾ വിജനസ്‌ഥലത്ത് കാട്ടിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇവർ പിടിയിലായത്.
കേസിൽ ആകെ 9 പ്രതികളാണ് നിലവിലുള്ളത്. രക്ഷപ്പെട്ടവർ ഉൾപ്പടെ 5 പേരെ ഇനിയും പിടികൂടാനുണ്ട്. നിലവിൽ കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്നവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
Read also: രാജസ്‌ഥാനിലും ‘പഞ്ചാബ്’ അവർത്തിച്ചേക്കും; മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്