മലപ്പുറം: ജില്ലയിലെ തിരൂർ പറവണ്ണ തീരത്ത് മത്തിമഹോൽസവം തീർത്ത് കടലമ്മ. തീരം തൊട്ട തിരകൾക്കൊപ്പം മത്തിച്ചാകര സമ്മാനിച്ചാണ് കടലമ്മ പറവണ്ണ തീരദേശവാസികളെ സ്‌നേഹിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെയാണ് തീരത്ത് ചാകരയെത്തിയത്. വിവരമറിഞ്ഞ നാട്ടുകാർ ഓടിയെത്തി പിടയ്‌ക്കുന്ന മത്തി കയ്യിൽ കിട്ടിയ ബക്കറ്റിലും കൈവരിലും കൊട്ടയിലും കോരിയെടുത്തു.
ബീച്ച് കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് ഇതൊരു അപൂർവ ദൃശ്യവിരുന്നായി. കയ്യിൽ കിട്ടിയ കവറുകളിൽ ഇവരും മത്തി പെറുക്കിക്കൂട്ടി. വിവരമറിഞ്ഞ് കൂടുതൽ പേർ കടൽത്തീരത്ത് എത്തിയിരുന്നു.
2 മണിക്കൂറോളമാണ് മത്തി വന്നു കൊണ്ടിരുന്നത്. മൽസ്യതൊഴിലാളികൾക്കും കടൽ അറിഞ്ഞു നൽകിയ ചാകര അനുഗ്രഹമായി. കഴിഞ്ഞ സെപ്റ്റംബർ 9ന് കൂട്ടായി പടിഞ്ഞാറേക്കര ബീച്ചിൽ ഇതുപോലെ മത്തിയെത്തിയിരുന്നു. പറവണ്ണയിലും താനൂരിലും മാസങ്ങൾക്കു മുൻപ് ഇതുണ്ടായിരുന്നു.
കരയ്‌ക്ക് സമീപമെത്തുന്ന മീൻ ശക്‌തമായ തിരയിൽ പെട്ട് തീരത്തേക്ക് അടിയുന്നതാണിതെന്ന് മൽസ്യതൊഴിലാളികൾ പറഞ്ഞു. കടലിലെ കാലാവസ്‌ഥയും ജീവചംക്രമണത്തിലെ സവിശേഷതയുമാണ് മത്തി ഇടയ്‌ക്കിടെ ഇങ്ങനെ തീരത്ത് എത്തുന്നതെന്ന് വിദഗ്‌ധർ പറയുന്നു. കേരള തീരത്ത് മത്തിലഭ്യതയിൽ ഇക്കുറി മുൻകാല റെക്കോർഡ് മറികടക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.
MOST READ | ഹിജാബ് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്