വേണം മനസിനും ആരോഗ്യം; അവഗണിക്കരുത്, കരുതലാവാം

By Desk Reporter, Malabar News
Mental health_2020 Aug 13
Representational Image
Ajwa Travels

ലോക്ഡൗൺ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ഒരു വിഷയമാണ് മാനസികാരോഗ്യം. നമ്മുടെയെല്ലാം ജീവിതത്തിൽ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പല ആളുകളും ഇതിനെ കാര്യമാക്കാതെ അവഗണിക്കാറാണുള്ളത്. ശരീരം കാത്ത് സൂക്ഷിക്കുന്നത് പോലെ അത്യാവശ്യമായ കാര്യമാണ് മനസിനെ സംരക്ഷിക്കുക എന്നുള്ളത്. മാനസിക ആരോഗ്യം എന്നാൽ വെറുമൊരു മാനസികാരോഗ്യ തകരാർ ഇല്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല, ആളുകൾക്ക് സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവും കൂടിയാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മാനസിക സംഘർഷങ്ങളെ തുടർന്നുള്ള പ്രശ്നങ്ങളെ ലോകം വേണ്ട വിധത്തിൽ അഭിസംബോധന ചെയ്തിട്ടില്ല. ഏറ്റവും അധികം സാക്ഷരതയുള്ള സ്ത്രീ പുരുഷാനുപാതത്തിൽ മുൻപിലുള്ള കേരളത്തിൽ തന്നെയാണ് ആത്മഹത്യാ നിരക്കുകൾ കൂടുതലുള്ളത് എന്നത് ആശങ്ക ഉണർത്തുന്ന കാര്യം തന്നെയാണ്. വിഷാദ രോഗികളുടെ എണ്ണവും ക്രമാധീതമായി വർദ്ധിച്ചുവരുന്നു. കേരളത്തിലെ 20 ശതമാനത്തോളം വരുന്ന ജനവിഭാഗം ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

മറ്റൊരാളുമായി താരതമ്യം ചെയ്യാനാവാത്തവയാണ് മാനസികപ്രശ്നങ്ങൾ. ഓരോ മനുഷ്യരുടെയും മാനസികതലങ്ങൾ അനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. കോവിഡ് കാലത്ത് പല രീതിയിലാണ് ആളുകൾ മാനസികസംഘർഷങ്ങൾ നേരിടുന്നത്. സ്‌കൂളുകളിൽ പോകാതെ വീട്ടിൽ ഇരിക്കേണ്ടി വരുന്ന കുട്ടികൾ, കുടുംബാംഗങ്ങൾ കൂടുതൽ സമയം വീടുകളിൽ കഴിയുന്നതോടെ ഗാർഹിക പീഡനത്തിനിരയാവുന്ന സ്ത്രീകൾ എന്നിങ്ങനെ പലവിഭാഗങ്ങൾ ലോക്ഡൗൺ കാലത്ത് മാനസികപ്രശ്നങ്ങൾക്ക് ഇരയാവുന്നുണ്ട്. അമിതമായി മാനസികസംഘർഷം ഉണ്ടായാൽ അടുപ്പമുള്ള ആരെയെങ്കിലും സമീപിക്കുന്നത് ഒരു പരിധി വരെ പ്രശ്നം ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ആദ്യം നിർദ്ദേശിക്കുന്നത്. ഭൂരിഭാഗം വ്യക്തികളും തന്റെ പ്രശ്നം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയം കൊണ്ടാണ് ആശയവിനിമയം നടത്താൻ മടിക്കുന്നത്. ചിലർക്ക് കേവലം കേട്ടിരിപ്പുകാർ എന്നതിലുപരി കൂടെ നിൽക്കാൻ ഒരു തണലായിരിക്കും ആവശ്യം. മനസ് തുറന്ന് ചിരിക്കാനും ജീവിതത്തിലെ നിമിഷങ്ങൾ ആസ്വദിക്കാനും സംഘർഷ സമയത്ത് ഒരു സഹായം ലഭിക്കാതെ പോകുന്നവരും തിരഞ്ഞെടുക്കുന്ന വഴിയാണ് ആത്മഹത്യ. ഒന്ന് ശ്രദ്ധിച്ചാൽ, ഒന്ന് കേട്ടിരുന്നാൽ, ഒന്ന് കൂടെ നിന്നാൽ, വേണ്ടി വന്നാൽ വിദഗ്ദ്ധ ചികിത്സ നൽകിയാൽ ഒരു പരിധി വരെ ഇവ തടയാൻ സാധിക്കും.

എങ്ങനെ മാനസിക സമ്മർദ്ദം കുറക്കാം?

* ആരോഗ്യകരമായ ഭക്ഷണം, വ്യായാമം മുടക്കരുത്.
* ഉറക്കം പ്രധാനമാണ്. 8 മണിക്കൂർ കൃത്യമായി ഉറങ്ങണം. ഉറക്കം ഒരു പ്രശ്നമായാൽ മാനസികാരോഗ്യ ഹെല്പ് ലൈനുമായി ബന്ധപ്പെടാം.
* ഒഴിവു സമയം ലഹരിക്ക് വേണ്ടി മാറ്റി വെക്കരുത്. പുകവലി, മദ്യപാനം എന്നിവ നിയന്ത്രിക്കുക.
* ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം ചിലവഴിക്കുക.
* കഴിവതും വീട്ടുകാരുമായോ കൂട്ടുകാരുമായോ സംസാരിച്ച് ബന്ധം ദൃഢമാക്കുക.
* ഇവ ഒന്നും സഹായിക്കുന്നില്ല എങ്കിൽ ഒട്ടും മടിക്കാതെ വിദഗ്ദ്ധ ചികിത്സ തേടുക. ഓർക്കുക, ഈ ലോകത്തിനു നിങ്ങളെ ആവശ്യം ഉണ്ട്.

പ്രത്യക്ഷത്തിൽ അല്ലെങ്കിൽ പോലും മനസ്സിൽ വിഷാദവും ജീവിതത്തിൽ ഏകാന്തതയും കൊണ്ടു നടക്കുന്നവർ നമുക്ക് ചുറ്റും തന്നെയുണ്ട്. അവരെ കണ്ടെത്തി ഒരു താങ്ങാവുക. ചിലപ്പോൾ നമ്മുടെ ഇടപെടലുകൾ മൂലം അവരുടെ ജീവിതത്തിലെ മങ്ങിയ നിറങ്ങൾക്ക് വെളിച്ചം പകരാൻ കഴിഞ്ഞേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE