ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. സ്‌റ്റാലിൻ മന്ത്രിസഭയിലെ മറ്റ് 33 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ലളിതമായാണ് രാവിലെ 9 മണിക്ക് രാജ്ഭവനിൽ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ നടക്കുക.
പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറി. മുഖ്യമന്ത്രി സ്‌ഥാനത്തിനൊപ്പം ആഭ്യന്തരവും എംകെ സ്‌റ്റാലിൻ തന്നെ കൈകാര്യം ചെയ്യും.
മൂന്നു വര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എംകെ സ്‌റ്റാലിൻ 2006-11 വര്‍ഷത്തെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്‌ഥാനം വഹിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ്
മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്.
ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ എം സുബ്രഹ്‌മണ്യന്‍, പളനിവേല്‍ ത്യാഗരാജന്‍, കെഎന്‍ നെഹ്‌റു, ആര്‍ ഗാന്ധി എന്നിവരാണ് സ്‌റ്റാലിൻ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിതകളുമുണ്ട്. പി ഗീത ജീവന് സാമൂഹ്യക്ഷേമ-വനിതാ ശാക്‌തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നല്‍കി.
അതേസമയം, ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മകന്‍ ഉദയനിധി സ്‌റ്റാലിന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നെങ്കിലും മന്ത്രിമാരുടെ പട്ടികയില്‍ ഉൾപ്പെട്ടിട്ടില്ല. 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 133 സീറ്റിലാണ് ഡിഎംകെ ജയിച്ചത്. കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളും ഡിഎംകെ സഖ്യത്തിലുണ്ട്. എഐഎഡിഎംകെ 66 സീറ്റുകൾ നേടി.
Also Read: അധികാര ദുർവിനിയോഗം; ഖത്തർ ധനകാര്യ മന്ത്രിയെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവ്