ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് 32-കാരിയായ മോഹന.
അടുത്തകാലം വരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്ങിനെ, പാകിസ്‌ഥാൻ അതിർത്തിയോട് ചേർന്നുള്ള ഗുജറാത്ത് സെക്‌ടറിലെ നാലിയ എയർ ബേസ് എൽസിഎ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) സ്‌ക്വാഡ്രണിലേക്ക് നിയമിക്കുകയായിരുന്നു.
അടുത്തിടെ ജോദ്‌പുരിൽ നടന്ന തരംഗ് ശക്‌തി എന്ന സേനാ അഭ്യാസത്തിന്റെ ഭാഗമായിരുന്നു 32-കാരിയായ മോഹന സിങ്. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നു വനിതകളിൽ ഒരാളായിരുന്നു രാജസ്‌ഥാനിലെ ജുൻജുൻ സ്വദേശിനിയായ മോഹന. ഭാവന കാന്ത്, അവനി ചതുർവേദി എന്നിവരായിരുന്നു മറ്റു രണ്ടുപേർ. ഇരുവരും നിലവിൽ എസ്‍യു 30 എംകെഐ യുദ്ധവിമാനങ്ങൾ പറത്തുകയാണ്.
2018ൽ അവനി ചതുർവേദിയാണ് തനിച്ച് യുദ്ധവിമാനം പറത്തിയ ആദ്യത്തെ ഇന്ത്യൻ വനിത. 2016ലാണ് യുദ്ധവിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിച്ച് തുടങ്ങിയത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് നിലവിൽ 20 വനിതാ ഫൈറ്റർ പൈലറ്റുമാരാണുള്ളത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ആയ തേജസ് 4.5 ജനറേഷനിൽപ്പെട്ട വിവിധോദ്ദേശ്യ യുദ്ധവിമാനമാണ്.
കാര്യക്ഷമമായ വ്യോമാക്രമണം നടത്തുന്നതിനും കരമാർഗമുള്ള സൈനിക ദൗത്യങ്ങൾക്ക് ആകാശത്ത് നിന്ന് പിന്തുണ നൽകുന്നതിനുമായാണ് തേജസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. തേജസ് വിമാനങ്ങളുടെ രണ്ടു സ്‌ക്വാഡ്രണുകളാണ് വ്യോമസേനയിൽ ഉള്ളത്. ഫ്‌ളൈയിങ് ഡാഗേഴ്‌സ് (പറക്കും കഠാര) എന്നറിയപ്പെടുന്ന 45ആം നമ്പർ സ്‌ക്വാഡ്രണിലും ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിലുമാണ് തേജസ് വിമാനങ്ങൾ ഉപയോഗിക്കുന്നത്.
സമാനമായ യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് തേജസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. പറക്കലിനിടെ ഇതുവരെ ഒരു അപകടവും ഉണ്ടാക്കിയിട്ടില്ലെന്ന നേട്ടവും തേജസിനുണ്ട്.
Most Read| ദൗത്യം വീണ്ടും നീളും; കടലിൽ ശക്‌തമായ കാറ്റ്- ഡ്രഡ്‌ജർ എത്തിക്കാൻ വൈകും