കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്‌തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ.
ഡ്രഡ്‌ജറുമായുള്ള ടഗ് ബോട്ട് ഇന്നലെ പുലർച്ചെ അഞ്ചിന് ഗോവയിൽ നിന്നാണ് കാർവാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്‌ജർ എത്തിച്ചു പുഴയിലെ മണ്ണ് നീക്കം ചെയ്‌തുകൊണ്ടാകും തിരച്ചിൽ പുനരാരംഭിക്കുക. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാനാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കളക്‌ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ എപ്പോൾ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ടുപോകും എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. കളക്‌ടർ ലക്ഷ്‌മി പ്രിയ, എസ്‌പി എം നാരായണ, സ്‌ഥലം എംഎൽഎ സതീഷ് സെയിൻ, ഡ്രഡ്‌ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ തിരച്ചിൽ എപ്പോൾ തുടങ്ങുമെന്നും തീരുമാനിക്കും. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മൽസ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിലും തീരുമാനമുണ്ടാകും.
വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയിലേക്ക് കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കമുള്ള ഡ്രഡ്‌ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്.
Most Read| ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം