കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്ക്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.
പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്‌ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു. ചിത്രകാരി ജസ്‌ന സലിം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്‌തരുമായി തർക്കത്തിലേർപ്പെട്ടതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പിപി വേണുഗോപാൽ, ബബിത മോൾ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.
ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജസ്‌ന സലിം നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. കിഴക്കേ നടയിലെ ദീപ സ്‌തംഭത്തിന് സമീപത്ത് കൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും ഹൈക്കോടതി തടഞ്ഞു.
ഭക്‌തരെ തടസപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിങ് കമ്മിറ്റി ഉൾക്കൊള്ളണം. ഇതിനായി ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്‌തമാക്കി. ഭക്‌തർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റു ഭക്‌തരുമായി കലഹമുണ്ടാക്കാനുള്ള സ്‌ഥലമല്ല നടപ്പന്തൽ എന്നും കോടതി വ്യക്‌തമാക്കി.
Most Read| മോദിയുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്; അപ്രതീക്ഷിത പ്രഖ്യാപനം