മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി നിരസിച്ചു. പിഎംഎൽഎ കോടതിയുടേതാണ് നടപടി. നവംബർ ഒന്നിനാണ് അനിൽ ദേശ്‌മുഖ് അറസ്‌റ്റിലായത്.
മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്‌മുഖ് മന്ത്രിസ്‌ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണ് എന്നാണ് അനിൽ ദേശ്‌മുഖ് വാദിക്കുന്നത്.
ഇതിനിടെ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് രംഗത്തു വന്നിരുന്നു. അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്.
100 കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടു എന്നായിരുന്നു അനിൽ ദേശ്‌മുഖിനെതിരെ പരംബീർ സിംഗ് ഉന്നയിച്ച ആരോപണം. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ തലവേദന സൃഷ്‌ടിച്ച കേസിൽ ദേശ്‌മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്.
ഇതിന് പിന്നാലെ പരംബീർ സിംഗിനെതിരെ ദേശ്‌മുഖ് മാനനഷ്‌ടകേസും നൽകിയിരുന്നു. തുടർന്നാണ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ നിലപാട് മാറ്റി പരംബീർ സിംഗ് രംഗത്തെത്തിയത്.
Most Read: മോദിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്; പരിഹസിച്ച് രാഹുൽ