കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ കോവിഡ് ബാധിതരുടെയും ക്വാറന്റെയ്നിൽ കഴിയുന്നവരും എണ്ണം വർധിച്ചതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. നിലവിൽ പഞ്ചായത്തിൽ 350ലേറെ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും, ഇതിലേറെ ആളുകൾ ക്വാറന്റെയ്നിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.
കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 17 വാർഡുകളിൽ 2 അധ്യാപകരെയും, ശേഷിക്കുന്ന 2 വാർഡുകളിൽ ഓരോ അധ്യാപകരെയും നിയോഗിച്ചു. ഇവർ കോവിഡ് ബാധിതരും ക്വാറന്റെയ്നിൽ കഴിയുന്നവരും താമസിക്കുന്ന വീടുകൾ സന്ദർശിച്ച് വിവര ശേഖരണം നടത്തി. കൂടാതെ വാർഡ്‌തല ജാഗ്രതാ സമിതി അംഗങ്ങളുടെയും വൊളന്റിയർമാരുടെയും യോഗത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുകയും, പഞ്ചായത്ത് അംഗങ്ങളെ അത് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം ചില വ്യാപാരികൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്നതിന്റെ മറവിൽ ചട്ടം ലംഘിക്കുന്നുവെന്നാണ് പരാതി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചെറുപുഴ ടൗണിലും പരിസരത്തും ഇന്നലെയും പോലീസ് കർശന പരിശോധന നടത്തി. ബാങ്കുകളും ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുമാണ് നിലവിൽ തുറന്നു പ്രവർത്തിക്കുന്നത്. കൂടാതെ അപൂർവം കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.
Read also : കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; വാതകം ചോരുന്നു