മുംബൈ: ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ മുംബൈ പോലീസിന്റെ നിർദ്ദേശം. മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരായ പോലീസ് നടപടി. യുഎസ് പൗരത്വമുള്ള വ്യക്തിയാണ് ഇമ്രാൻ ഖാൻ.
ഒക്ടോബർ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശിച്ച് മുംബൈ പോലീസ് ഇമ്രാൻ ഖാന് നോട്ടീസ് അയച്ചു. ഇമ്രാൻ ഖാന് പൂർണ ഇന്ത്യൻ പൗരത്വമില്ലെന്നാണ് പോലീസ് പറയുന്നത്. യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമാണ് ഉള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ പത്തിന് സിജെപി മുംബൈയിൽ നടത്തിയ പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.
അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പോലീസ് പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ, താൻ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പ്രതിനിധിയായല്ല, മറിച്ച് മുംബൈയിലെ ഒരു സാധാരണ താമസക്കാരൻ എന്ന നിലയിലാണ് എത്തിയതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































