കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ പത്തായക്കുന്ന് കുപ്യാട്ട് വീട്ടിൽ കെപി ഷിജുവിനെ (41) തെളിവെടുപ്പിനെത്തിച്ചത്.
സംഭവം നടന്ന പാത്തിപ്പാലം ചെക് ഡാമിലെത്തിച്ചശേഷം പോലീസ് പ്രതിയോട് സംഭവദിവസം നടന്ന കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. സംഭവമറിഞ്ഞ് കൂടുതൽ ആളുകളെത്തുമ്പോഴേക്കും പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് സംഭവദിവസം പ്രതി സന്ദർശിച്ച വള്ള്യായി നവോദയ കുന്നിലേക്ക് കൊണ്ടുപോയി തെളിവെടുത്തു.
തിങ്കളാഴ്‌ച തെളിവെടുപ്പിനായി പ്രതിയെ ആവശ്യപ്പെട്ടെങ്കിലും പോലീസിന് വിട്ടുകിട്ടിയിരുന്നില്ല. തലശ്ശേരി എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോൾ മാനസികാസ്വാസ്‌ഥ്യത്തിന് ചികിൽസയിലാണെന്ന് ഷിജു മജിസ്‌ട്രേട്ടിന് മുമ്പാകെ ബോധിപ്പിച്ചു.
തുടർന്ന് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട് നൽകാൻ കോടതി നിർദ്ദേശം നൽകി. കോടതി നിർദ്ദേശങ്ങൾ പൂർത്തിയാക്കിയശേഷം ചൊവ്വാഴ്‌ച ഉച്ചക്കാണ് രണ്ടുദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടുകിട്ടിയത്.
കേസ് അന്വേഷിക്കുന്ന കതിരൂർ പോലീസ് ഇൻസ്‌പെക്‌ടർ കെവി മഹേഷും സംഘവും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. എസ്ഐ ഉമേഷ് ഉൾപ്പടെയുള്ള പോലീസ് സംഘവും കൂടെയുണ്ടായിരുന്നു.
ഒക്‌ടോബർ 15ന് വൈകിട്ട് ആറരയോടെയാണ് കേസിനാസ്‌പദമായ സംഭവം. ഭാര്യ സോനയെയും മകൾ അൻവിതയെയും കൂട്ടി പുഴക്കരയിൽ എത്തിയ ഷിജു ഇരുവരെയും വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം ഇയാൾ ഇവിടെ നിന്നും കടന്നുകളയുകയും ചെയ്‌തു. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Most Read: നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം