ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ രണ്ടിന് അനിത എന്ന സ്‌ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് സമഗ്രമായ അന്വേഷണത്തിലാണ് പോലീസ്.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പോലീസ് പുറത്തുവിട്ടു. ഷാഹി, ഷീഷ്‌ഗഡ്, ഷെർഗഡ് പോലീസ് സ്‌റ്റേഷൻ പരിധികളിലായി എട്ട് സ്‌ത്രീകളാണ് കഴിഞ്ഞവർഷം കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ രീതി പരിശോധിച്ച പോലീസ്, കൃത്യത്തിന് പിന്നിൽ ഒരു പരമ്പരക്കൊലയാളി ആകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം സ്‌ത്രീകളേയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കരിമ്പ് തോട്ടങ്ങളിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ പരിശോധിച്ചതിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 45നും 65നുമിടയിൽ പ്രായമുള്ള സ്‌ത്രീകളാണ് കൊല്ലപ്പെടുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും ജൂലൈ, ഓഗസ്‌റ്റ്, ഒക്‌ടോബർ മാസങ്ങളിൽ ഓരോന്നും നവംബറിൽ രണ്ടു കൊലപാതകങ്ങളുമാണ് ബറേലി ജില്ലയിലെ വിവിധ ഇടങ്ങളിൽ നടന്നത്. ഇതോടെ പോലീസ് രാത്രികാല പട്രോളിങ് ഊർജിതമാക്കിയിരുന്നു. കൊലപാതകം നടന്ന പ്രദേശങ്ങളിലെ ആളുകളുമായി സംസാരിച്ച ശേഷമാണ് ബറേലി ജില്ലാ പോലീസ് മൂന്ന് പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാക്കിയത്.
Most Read| നാളെ ജനകീയ തിരച്ചിൽ; ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി