ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്‌ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന് സർക്കാർ നിർദേശിക്കുന്നിടത്തേക്ക് സമരവേദി മാറ്റിയാൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചകൾ നടത്താമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ കർഷകരോട് പറഞ്ഞിരുന്നത്.
സമരവേദി മാറ്റില്ലെന്ന് സമരക്കാർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കമ്മിറ്റിയും മറ്റു കർഷക സംഘടനകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
ദേശീയ പാതയിൽ നിന്ന് ബുറാഡി മൈതാനത്തിലേക്ക് സമരവേദി മാറ്റണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ സമരവേദി മാറ്റേണ്ടതില്ലെന്നാണ് അഖിലേന്ത്യ കോർഡിനേഷൻ സമിതിയുടെയും തീരുമാനം.
അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധ സമരം ന്യൂഡെൽഹിയിൽ പുരോഗമിക്കുകയാണ്. കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് കർഷകരുടെ നിലപാട്.
Read also: ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്