തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാമെന്ന കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിക്കുന്നതിനാല്‍ തന്നെ നാളെ മുതല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ചൊവ്വാഴ്‌ച മുതല്‍ കടൽ പ്രക്ഷുബ്‌ധമാകാനുള്ള സാധ്യതയുണ്ട്. അതിനാലാണ് നാളെ മുതല്‍ മല്‍സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ നിലവില്‍ കടലില്‍ പോയ മല്‍സ്യത്തൊഴിലാളികള്‍ നാളെ തന്നെ സുരക്ഷിത തീരത്തേക്ക് എത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്‌തമായ കാറ്റിനും മഴക്കും സാധ്യത ഉള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ശക്‌തമായ മഴ തുടര്‍ന്നാല്‍ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത താഴ്ന്ന പ്രദേശങ്ങളില്‍ കൂടും. ഒപ്പം തന്നെ മലയോര പ്രദേശങ്ങളില്‍ ഉള്ള ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അതികൃതര്‍ വ്യക്‌തമാക്കി.
Read also : അപരന്‍മാര്‍ക്ക് ചിഹ്‌നം റോസാപ്പൂവ്; ബിജെപി ഹൈക്കോടതിയെ സമീപിക്കും