തിരുവനന്തപുരം : അപര സ്‌ഥാനാര്‍ഥികള്‍ക്ക് റോസാപ്പൂവ് ചിഹ്‌നമായി നല്‍കിയ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങി ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് സംഭവം. ചിഹ്‌നം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനമെടുത്തത്. ചിഹ്‌നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്‌ച ബിജെപി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മല്‍സരിക്കുന്ന ബിജെപി സ്‌ഥാനാര്‍ഥികളുടെ അപരന്‍മാര്‍ക്ക് താമര ചിഹ്‌നത്തിന് സമാനമായ റോസാപ്പൂവ് ചിഹ്‌നമായി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി രംഗത്ത് വന്നത്. കൂടാതെ സ്‌ഥാനാര്‍ഥികളുടെ പട്ടികയില്‍ ഇവരുടെ പേരുകള്‍ അടുത്തടുത്ത് തന്നെ വരികയും ചെയ്‌തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷിടിക്കുമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ചിഹ്‌നം മാറ്റി നല്‍കണമെന്ന ആവശ്യവുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ പഞ്ചായത്തിരാജ് ആക്‌ട് പ്രകാരം ആല്‍ഫബെറ്റിക് ഓര്‍ഡറിലാണ് സ്‌ഥാനാര്‍ഥികളുടെ പേരും ചിഹ്‌നവും ക്രമീകരിച്ചതെന്നും. ഇനി ഇവ മാറ്റാന്‍ സാധിക്കില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. സമാനമായ ചിഹ്‌നം നല്‍കുന്നതിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കെ സുരേന്ദ്രന്‍ വ്യക്‌തമാക്കിയത്. കൂടാതെ കേന്ദ്രമന്ത്രി വി മുരളീധരനും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Read also : പ്ളസ് വണ്‍; മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം നാളെ