പ്രളയകാലത്തെ കുട്ടനാടിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ സിനിമ ‘മൂന്നാം പ്രളയം‘ തിരുവോണ നാളിൽ സിനിയ ഒടിടിയിലൂടെ എത്തുന്നു. 2019ലെ ചിത്രീകരണ സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘മൂന്നാം പ്രളയം‘.
പ്രമുഖതാരങ്ങൾ അഭിനയിച്ച ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട മനോഹരമായ ഗാനങ്ങൾ എടുത്ത് പറയേണ്ടതാണ്. പ്രശസ്‌ത ഗായകൻ മണിത്താമര എഴുതി, സംഗീതം ചെയ്‌ത്, ആലപിച്ച ‘കടലുകനിഞ്ഞേ കാറ്റടിച്ചേ പേമാരിപെയ്തേ‘ എന്ന് തുടങ്ങുന്ന ഗാനം മനുഷ്യമനസുകളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഗാനമാണ്. അർഥവത്തായ വരികൾക്കൊപ്പം ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന നാടൻ പാട്ടിന്റെ ആലാപന ശൈലിയുള്ള ഈ ഗാനം കൂടാതെ മനോഹരമായ വേറെയും ഗാനങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാണ്.
2018ൽ കേരളം അനുഭവിച്ച പ്രളയക്കെടുതികളുടെ കഥ പറയുന്ന ചിത്രമാണ് ‘മൂന്നാം പ്രളയം‘. 2019ൽ 13 ദിവസം കൊണ്ടാണ് സംവിധായകൻ രതീഷ് രാജു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 2018 ഓഗസ്‌റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് സിനിമ പറയുന്നത്.
2019 ഓഗസ്‌റ്റിൽ തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രത്തിൽ അഷ്‌കർ സൗദാനാണ് നായകൻ. പ്രളയകാലത്തിനെയും തുടർന്നുള്ള സംഭവ വികാസങ്ങളും ബിഗ് സ്‌ക്രീനിലേക്ക് ഒരുപരിധിവരെ കൃത്യമായി പകർത്താൻ മൂന്നാം പ്രളയത്തിന്റെ ടീമിന് സാധിച്ചിട്ടുണ്ട്. തിയേറ്ററിൽ കാണാൻ കഴിയാതെ പോയ അനേകംപേരുടെ അഭ്യർഥന മാനിച്ചാണ് ചിത്രമിപ്പോൾ സിനിയ ഒടിടിയിൽ പ്രക്ഷേപണം ചെയ്യുന്നത്.
‘ആത്‌മരതിയുടെ അവശേഷിപ്പുകൾ’ എന്ന ഓർമകുറിപ്പിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ രതീഷ് രാജു ആണ് ‘മൂന്നാം പ്രളയം‘ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അടിമാലി, തൊടുപുഴ, കല്ലാർക്കുട്ടി ഡാം തുടങ്ങിയ സ്‌ഥലങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച സിനിമയുടെ തിരക്കഥ എസ്‌കെ വില്വന്‍ ആണ് ഒരുക്കിയിരിക്കുന്നത്. ‘ഒന്നുമറിയാതെ’ എന്ന സിനിമയുടെ തിരക്കഥയിലൂടെ ശ്രദ്ധനേടിയ എസ്‌കെ വില്വന്റെ രണ്ടാമത്തെ ചിത്രമാണ് ‘മൂന്നാം പ്രളയം‘.
നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസ് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് റസാഖ് കുന്നത്താണ്. സംഗീതം രഘുപതി. എഡിറ്റിംഗ് ഗ്രെയ്‌സണ്‍. അഷ്‌കർ സൗദാനെ കൂടാതെ സായ്‌കുമാർ, അനില്‍ മുരളി, അരിസ്‌റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല, ബേസില്‍ മാത്യു, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, മഞ്‍ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും മൂന്നാം പ്രളയത്തിൽ വേഷമിടുന്നു.
Most Read: ലൂസിഫർ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു