കോതമംഗലം: സിനിമാ ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം ഭയന്ന് കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി നാട്ടിലേക്ക് അയച്ചു. ഇന്ന് രാവിലെ റോഡിൽ നിന്ന് 200 മീറ്റർ അകലെ നിന്നാണ് പുതുപ്പള്ളി സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയ ശേഷമാണ് വനത്തിന് പുറത്തെത്തിച്ചത്.
പിന്നാലെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു. പുതുപ്പള്ളിയിലേക്കാണ് ആനയെ കൊണ്ടുപോയത്. രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇത് പിന്തുടർന്ന സംഘം ആനയെയും കണ്ടെത്തി. ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്‌ഥിരീകരിച്ചിരുന്നു.
ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്‌ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വിജയ് ദേവരകൊണ്ടേ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ഷൂട്ടിങ് പാക്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിടെ പുതുപ്പള്ളി സാധുവിനെ, മണികണ്‌ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്ന് കുത്തുകയായിരുന്നു.
മണികണ്‌ഠനും കാടുകയറിയെങ്കിലും വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ട് വനത്തിലെ തേക്ക് പ്ളാന്റേഷനും മാട്ടുങ്കൽ തോടും കടന്ന് തൊട്ടടുത്തുള്ള ചതുപ്പും താണ്ടി വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. ഇതോടെ, തുണ്ടം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞു കാട്ടിലേക്ക് പോയത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്