ന്യൂഡെൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭക്ക് അകത്ത് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ളാദ് ജോഷി, പീയുഷ് ഗോയല്‍, മുക്‌താർ അബ്ബാസ് നഖ്‌വി എന്നിവര്‍ ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി.
ഉച്ചക്ക് ശേഷം മൂന്നുമണിക്ക് പാര്‍ലമെന്ററികാര്യ മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കും. സഭാ ബഹളങ്ങള്‍ക്കിടെ രാജ്യസഭക്ക് അകത്ത് മേശപ്പുറത്ത് കയറി പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിന്നുള്ള എംപിമാരായ ബിനോയ് വിശ്വവും ടി ശിവദാസനും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ട്.
ചൊവ്വാഴ്‌ച കോൺഗ്രസ് നേതാവ് ജയറാം രമേശ് കർഷക സമരവും വിവാദ കാർഷിക നിയമങ്ങളും ചർച്ച ചെയ്യാൻ നൽകിയ നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ച് കർഷക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രതിപക്ഷം ആവശ്യപ്പെട്ടതിൽ നിന്ന് വ്യത്യസ്‌തമായി സർക്കാരിന് അനുകൂലമായി നോട്ടീസ് വ്യാഖ്യാനിച്ചതിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയ സഞ്‌ജയ് സിങ് അടക്കമുള്ളവർ പിന്നീട് മേശപ്പുറത്തു കയറിനിന്ന് മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് സഭ നിർത്തിവച്ചപ്പോൾ മേശപ്പുറത്തു കയറിയ കോൺഗ്രസ് എംപി പ്രതാപ് സിങ് ബജ്‌വ ശൂന്യമായ ചെയറിലേക്ക് റൂൾ ബുക്ക് വലിച്ചെറിഞ്ഞു.
ബിനോയ് വിശ്വം, വി ശിവദാസൻ അടക്കമുള്ള അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിൽ ഇറങ്ങുകയും മേശപ്പുറത്ത് കയറി ഇരിക്കുകയും ചെയ്‌തു. ബുധനാഴ്‌ച വീണ്ടും സഭ ചേർന്നപ്പോൾ പ്രതിഷേധങ്ങളെ അപലപിച്ചുള്ള അധ്യക്ഷന്റെ പ്രസ്‌താവന അവസാനിച്ചപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയിരുന്നു.
ഇത്തരത്തിൽ തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളിൽ നടപടി വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പാർലമെന്റിന് അകത്ത് വനിതാ എംപിമാർ ഉൾപ്പടെ ഉള്ളവർ ആക്രമിക്കപ്പെട്ട സംഭവത്തിൽ 15ഓളം പ്രതിപക്ഷ പാർട്ടികൾ ഇന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് ആണ് മാർച്ചിന് നേതൃത്വം നൽകിയത്.
Most Read: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്