ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. 16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി (ഭേദഗതി) ബിൽ, രാഷ്‌ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ തുടങ്ങി അഞ്ചോളം ബില്ലുകളാണ് പ്രഥമ പരിഗണയിലുള്ളത്.
അതേസമയം, വഖഫ് ഭേദഗതിയും മണിപ്പൂരിലെ അക്രമ സംഭവങ്ങളും അദാനിക്കെതിരായ യുഎസ് കോടതിയുടെ കുറ്റപത്രവും ഉൾപ്പടെ പാർലമെന്റിൽ ചൂടേറിയ ചർച്ചയാകും. നിലവിൽ, വഖഫ് ഭേദഗതി സംയുക്‌ത പാർലമെന്ററി സമിതി പരിശോധിച്ചുവരികയാണ്. ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട് സമർപ്പിക്കുമെന്നാണ് സൂചന.
അതിനിടെ, സമിതിയുടെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ദുരന്തനിവാരണ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവന്നേക്കും. അതേസമയം, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന വിഷയം കേരളത്തിലെ ഇടതു എംപിമാർ പാർലമെന്റിൽ ഉന്നയിക്കും.
ഭരണഘടനാ ദിനമായ നവംബർ 26ന് നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കും. സംവിധാൻ ഭവനിലെ സെൻട്രൽ ഹാളിലായിരിക്കും പരിപാടി നടക്കുകയെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്‌ജു അറിയിച്ചു. സംസ്‌കൃത ഭാഷയിലും മൈഥിലി ഭാഷയിലുമുള്ള ഭരണഘടനയുടെ പകർപ്പുകൾക്കൊപ്പം സ്‌മാരക നാണയവും സ്‌റ്റാമ്പും ചടങ്ങിൽ പുറത്തിറക്കും.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി