ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയെ കുറിച്ച് ആൾദൈവം കാളിചരൺ മഹാരാജ് നടത്തിയ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ പ്രിയങ്ക ബിജെപിയെ കുറ്റപ്പെടുത്തി. മഹാത്‌മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദർശങ്ങളെ പരസ്യമായി വിമർശിക്കാനും ബിജെപി മനഃപൂർവമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണെന്ന് പ്രിയങ്ക ആരോപണം ഉന്നയിച്ചു.
ഭരണകക്ഷിയും അനുബന്ധ ഗ്രൂപ്പുകളും ചേർന്ന് ഗാന്ധിജിയുടെ ആദർശങ്ങളെ പരസ്യമായി വിമർശിക്കുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ഇതിനെ എതിർക്കുന്നില്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി.
തന്റെ വിവാദ പരാമർശത്തിൽ കാളിചരൺ ഗാന്ധിജിയെ വിമർശിക്കുകയും, നാഥുറാം ഗോഡ്‌സെയെ പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്. ഇത് മോശമാണെന്നും, ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ ശിക്ഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൂടാതെ കോൺഗ്രസ് ഭരിക്കുന്ന സംസ്‌ഥാനമായതിനാലാണ് കാളിചരൺ അറസ്‌റ്റിലായതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
Read also: ഉൽഘാടന ചടങ്ങിനിടെ പ്രതിഷേധം; കോൺഗ്രസ് കൗൺസിലർമാർ അറസ്‌റ്റിൽ