തൃശൂർ: കോർപറേഷൻ ശദാബ്‌ദി ഉൽഘാടനത്തിനിടെ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. ശദാബ്‌ദി കെട്ടിടനിർമാണത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേരത്തെ തന്നെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
തൃശൂർ കോർപറേഷന്റെ ശദാബ്‌ദി ആഘോഷത്തിൽ നാല് മന്ത്രിമാരാണ് പങ്കെടുത്തത്. കോർപറേഷൻ അങ്കണത്തിൽ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലന്റെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ആസ്‌ഥാനത്തേക്ക് മാർച്ച് നടത്തിയത്. ടിജെ സനീഷ് കുമാർ എംഎൽഎയാണ് സമരം ഉൽഘാടനം ചെയ്‌തത്. കോർപറേഷന്റെ 50 മീറ്റർ അകലെ വെച്ച് തന്നെ പോലീസ് മാർച്ച് തടഞ്ഞു.
എംഎൽഎയുടെ ഉൽഘാടന പ്രസംഗത്തിന് ശേഷം കൗൺസിലർമാർ പിരിഞ്ഞുപോകാൻ തീരുമാനിച്ചുവെങ്കിലും ചിലർ കോർപറേഷൻ ആസ്‌ഥാനത്തേക്ക് പോലീസ് വലയം ഭേദിച്ച് ഇടിച്ചുകയറുകയായിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്ന് കൂടുതൽ കൗൺസിലർമാർ കോർപറേഷൻ ആസ്‌ഥാനത്തേക്ക് ഇരച്ചുകയറിയത് സംഘർഷമുണ്ടാക്കി. കൗൺസിലർമാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇവരെ തൃശൂർ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
Also Read: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട്; ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെഎൻ ബാലഗോപാൽ