മുംബൈ: പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ പ്രതിഷേധം. ഹിന്ദു വിവാഹത്തിലെ പ്രധാന ചടങ്ങായ കന്യാദാനത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ഹിന്ദു അനുകൂല സംഘടനകളാണ് പരസ്യ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
പരസ്യചിത്രം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ പ്രമുഖ വസ്ത്ര ബ്രാൻഡായ മാന്യവാർ ബ്രാൻഡ് കമ്പനിയുടെ മുമ്പിൽ ഹിന്ദു അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കമ്പനിയുടെ പരസ്യചിത്രം ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹിന്ദു ജനജാഗ്രതി സമിതി വക്‌താവ് ഡോ. ഉദയ് ധൂരി പറഞ്ഞു. പരസ്യം പിൻവലിച്ച് കമ്പനി മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം.
‘കന്യാദാൻ’ സമ്പ്രദായത്തിന് പകരം ‘കന്യാമാൻ’ സമ്പ്രദായമാണ് വേണ്ടതെന്ന് ഉന്നയിക്കുന്ന വധുവിനെയാണ് ആലിയ പരസ്യത്തിൽ അവതരിപ്പിക്കുന്നത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധം മാറ്റിനിർത്തിയാൽ മികച്ച പ്രതികരണമാണ് പരസ്യ ചിത്രത്തിന് ലഭിച്ചത്.
Read also: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രക്‌തചൊരിച്ചിൽ; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി