തിരുവല്ല: ചലച്ചിത്ര നിർമാതാവും പാചക വിദഗ്‌ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസായിരുന്നു. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. രണ്ടാഴ്‌ച മുൻപായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്യ ഏക മകളാണ്.
പാചകരംഗത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്‌തിയായിരുന്നു നൗഷാദ്. തിരുവല്ലയിൽ കാറ്ററിങ് സർവീസ് നടത്തിയിരുന്ന പിതാവിൽ നിന്നാണ് പാചകത്തോടുള്ള താൽപര്യം പകർന്നുകിട്ടിയത്. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം പാചകരംഗത്ത് ചുവടുറപ്പിച്ചു. ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന റെസ്‌റ്റോറന്റ് ശൃംഘല തുടങ്ങിയ ഇദ്ദേഹം ഒട്ടേറെ ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായി എത്തുകയും ചെയ്‌തു.
സംവിധായകൻ ബ്‌ളെസിയുമായുള്ള സൗഹൃദമാണ് നൗഷാദിനെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. മമ്മൂട്ടിയെ നായകനാക്കി ബ്‌ളെസി സംവിധാനം ചെയ്‌ത കാഴ്‌ചയുടെ സഹനിർമാതാവായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്‌റ്റ് ആക്‌ടർ, ലയണ്‍, പയ്യന്‍സ്, സ്‌പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
Also Read: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി