മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘കീസ്‌റ്റോൺ’.
650 മീറ്റർ അകലെയുള്ള പുഴയിൽ നിന്ന് നേരിട്ട് കോളനിയിലേക്ക് വെള്ളമെത്തിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഇതിന് 10 എച്ച്പിയുടെ ഡീസൽ മോട്ടോർ കീസ്‌റ്റോൺ ഫൗണ്ടേഷൻ നൽകി. പൈപ്പ്, അയ്യായിരം ലിറ്ററിന്റെ ജലസംഭരണി, ടാപ്പുകൾ തുടങ്ങിയവ പോലീസും നൽകി.
മറ്റു പണികൾ കോളനിക്കാരും ഏറ്റെടുത്തതോടെ കോളനിയിലേക്ക് ആവശ്യമുള്ള വെള്ളം എത്താൻ തുടങ്ങി. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഡീസൽ കോളനിക്കാർ പിരിവിട്ടാണ് സംഘടിപ്പിക്കുന്നത്.
കുടിക്കാനും വീട്ടാവശ്യത്തിനുമുള്ള വെള്ളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. മറ്റാവശ്യങ്ങൾക്ക് ഇവർ പുഴയെ ആശ്രയിക്കും. നേരത്തെ കോളനിയോടു ചേർന്നുള്ള ചോലയിൽ നിന്നാണ് ഇവർ വെള്ളമെടുത്തിരുന്നത്. ഇതിനുസമീപം കുഴിയെടുത്ത് കുടിവെള്ളം ശേഖരിച്ചിരുന്നെങ്കിലും വേനൽ കനക്കുന്നതോടെ കുഴിയിലെ വെള്ളം ഇവരുടെ ആവശ്യത്തിന് തികയാതെ വന്നു. പിന്നെ പുഴയാണ് ഏക ആശ്രയം. ഏറെദൂരം നടന്ന് വേണം പുഴയിലെത്താൻ.
54 കുടുംബങ്ങളാണ് കോളനിയിലുള്ളത്. 40ഓളം ടാപ്പുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നിടത്താണ് ടാപ്പുകൾ സ്‌ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ വേനലിൽ കരുളായി വനത്തിലെ വട്ടിക്കല്ല് കോളനിക്കാർക്കും പോലീസ് കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു. പ്രളയത്തിൽ കോളനി തകർന്നതിനെ തുടർന്ന് മുണ്ടക്കടവ് കോളനിയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളാണ് വനത്തിലെ ഉയർന്ന പ്രദേശങ്ങളായ പുലിമുണ്ട ചേമ്പുംകൊല്ലി,വട്ടിക്കല്ല് എന്നിവിടങ്ങളിലേക്ക് താമസം മാറ്റിയത്.
Malabar News: ബത്തേരി മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ബഫർ സോൺ