വിപണിഭീകരതയുടെ സൃഷ്‌ടികളില്‍ ഒന്നാണ് മതഭീകരത

By Staff Reporter, Malabar News
editorial image_malabar news
Representational Image
Ajwa Travels

 

വിപണിഭീകരത പിതാവും വിധേയത്വമനോഭാവം മാതാവുമാകുമ്പോള്‍ നടക്കുന്ന സൃഷ്ടികളില്‍ പെട്ടതാണ് നാമിന്നു കാണുന്ന ഒട്ടുമിക്ക ആരോഗ്യ – സാമൂഹിക – സാംസ്‌കാരിക – സാമ്പത്തിക – പാരിസ്ഥിതിക പ്രശ്നങ്ങളും.

എല്ലാ ഭീകരതയും തുടങ്ങുന്നത് തീവ്രവാദത്തില്‍ നിന്നാണ്. ഏതെങ്കിലും ഒരു ആശയത്തിനു വേണ്ടി അഥവാ വ്യവസ്ഥിതിക്കുവേണ്ടി വാദിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ അത് മറ്റുളളവരെ അടിച്ചേല്‍പ്പിക്കുമ്പോള്‍ തീവ്രവാദമാകുന്നു. അതിനായി ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ അത് ഭീകരതയാകുന്നു. `ഭീകരത’ എന്നു കേള്‍ക്കുമ്പോഴേക്കും അതിനെ മതഭീകരതയായും വിശിഷ്യ മുസ്ലീം ഭീകരതയായും മുന്‍വിധിയോടെ കാണുന്ന കാഴ്ചക്കുറവിലേക്ക് ഇന്ന് ലോകം തന്നെ വീണിരിക്കുന്നു. അല്ലെങ്കില്‍ ലോകത്തെ വീഴ്ത്തിയിരിക്കുന്നു. വസ്തുനിഷ്ഠമായി കാര്യങ്ങളെ ഗ്രഹിക്കാന്‍ ശ്രമിക്കുമ്പോള്‍ കാണുന്ന ഒരു സത്യമുണ്ട്. എല്ലാ ഭീകരതയുടേയും പിതാവ് വിപണിഭീകരതയാണ് എന്ന സത്യം. വിപണിഭീകരത എന്നു പറഞ്ഞാല്‍ മനുഷ്യന്‍ അവന്റെ ക്രയവിക്രയങ്ങള്‍ക്കുണ്ടാക്കിയ വിപണി എന്ന സംവിധാനം മനുഷ്യനെത്തന്നെ, അവന്റെ സമ്മതമില്ലാതെ ഭരിക്കുന്ന അവസ്ഥയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വില്‍പ്പനയ്ക്കുള്ള വസ്തുക്കളോ ആശയങ്ങളോ സേവനങ്ങളോ വിപണിയില്‍ ലാഭകരമായി വിറ്റഴിക്കുന്നതിനും ഇല്ലാത്ത വിപണി സൃഷ്ടിച്ചുകൊണ്ട് അടിച്ചേല്‍പിക്കുന്നതിനും ഒരു ചെറുന്യൂനപക്ഷം മനുഷ്യവംശത്തെയും പ്രകൃതിയെയും നിഷ്ഠൂരമായി ഉപയോഗിക്കുന്ന ഭീകരമായ അവസ്ഥയാണ് വിപണിഭീകരത.

മനുഷ്യരെ കൊന്നൊടുക്കിയാണെങ്കിലും, രോഗങ്ങള്‍ സൃഷ്ടിച്ച് പ്രതിവിധി വിറ്റാണെങ്കിലും ഭൂമിയുടെ മുഴുവന്‍ സന്തുലിതാവസ്ഥ തകര്‍ത്താണെങ്കിലും തന്റെയോ തന്റെ പ്രസ്ഥാനത്തിന്റെയോ `ലാഭ’ങ്ങളും നിലനില്‍പ്പും മാത്രം നോക്കുന്ന കൊടും ഭീകരരാണ് ഈ വിപണിഭീകരര്‍. എയ്ഡ്സും കോളറയും ചികുന്‍ഗുനിയയും ക്യാന്‍സറും ലൈംഗിക അരാജകത്വവും കാഴ്ചതകരാറും യുദ്ധങ്ങളും മതതീവ്രവാദവും രാഷ്ട്രീയ അരാജകത്വവുമെല്ലാം വിപണി ഭീകരതയുടെ സൃഷ്ടികളാണ്. സത്യത്തില്‍ വിപണിഭീകരതയുടെ ഉപോല്‍പന്നങ്ങളുടെ പട്ടികയെടുത്താല്‍ ആ പട്ടികയുടെ താഴെ തട്ടിലാണ് മതഭീകരതയുടെ സ്ഥാനം. ലോകം തിരിച്ചറിയാതെ പോകുന്ന ഒട്ടനവധി സത്യങ്ങളില്‍ ഒന്നാണിത്. വിപണിഭീകരത പിതാവും വിധേയത്വമനോഭാവം മാതാവുമാകുമ്പോള്‍ നടക്കുന്ന സൃഷ്ടികളില്‍ പെട്ടതാണ് നാമിന്നു കാണുന്ന ഒട്ടുമിക്ക ആരോഗ്യ – സാമൂഹിക – സാംസ്‌കാരിക – സാമ്പത്തിക – പാരിസ്ഥിതിക പ്രശ്നങ്ങളും.

ലോകത്തിലെ എല്ലാ വിപണിഭീകരര്‍ക്കും ഭരണകൂടങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും അവിശുദ്ധ ബന്ധമുണ്ട്. ഒട്ടുമിക്ക വിപണിഭീകരരും നിയമത്തെയും നീതിന്യായസംവിധാനങ്ങളെയും അനുസരിച്ച് തന്നെയാണ് മനുഷ്യരാശിയെ കൊന്നൊടുക്കുന്നതും പ്രകൃതിയെ നശിപ്പിക്കുന്നതും. മാത്രവുമല്ല, വിപണിഭീകരര്‍ക്ക് അനുയോജ്യമായി ലോകത്തിലെ ഒട്ടുമിക്ക ഭരണകൂടങ്ങളും നിയമങ്ങളും നീതിന്യായവ്യവസ്ഥകളും സൃഷ്ടിക്കുന്നുണ്ട്. അതിനാലാണ് ഫാബ്മാള്‍, വാള്‍മാര്‍ട്ട്, റിലയന്‍സ്, ഭാരതി റീട്ടെയില്‍, ടാറ്റ, ബിര്‍ള, ഗോദ്റെജ്, മഹീന്ദ്ര, ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി, സിറ്റി ബാങ്ക്, ഐ.ടി.സി., ഹിന്ദുസ്ഥാന്‍ ലീവര്‍ തുടങ്ങിയ കുറച്ച് കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് നമ്മുടെ ആരോഗ്യവും സമ്പത്തും സാംസ്‌കാരിക സാമൂഹിക മൂല്യങ്ങളും ഉള്‍പ്പെടെയുള്ള മാനുഷിക ആവശ്യകതകളെ അനാവശ്യമായിപ്പോലും പണയപ്പെടുത്തേണ്ടി വരുന്നത്.

സത്യത്തില്‍ പഴയകാലഘട്ടത്തിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയേക്കാള്‍ ഭയാനകമാണ് വിപണിഭീകരത. മനുഷ്യന്‍ വിപണികള്‍ ഉണ്ടാക്കിയത് ഓരോരുത്തരുടേയും ആവശ്യം കഴിഞ്ഞു മിച്ചം വരുന്ന ഉല്‍പന്നങ്ങള്‍ മറ്റുളളവര്‍ക്ക് നല്‍കാനും അവരുടെ മിച്ചത്തില്‍ നിന്ന് ഉല്‍പന്നങ്ങള്‍ തിരികെ വാങ്ങാനുമാണ്. ഈ വിപണി സമ്പ്രദായത്തില്‍ അത്യാവശ്യങ്ങളും ആവശ്യങ്ങളുമായിരുന്നു (urgent necessity & necessity) പ്രധാന ഘടകം. സമൂഹത്തിന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും നിറവേറ്റാനുളള ഉല്‍പന്നങ്ങളോ സേവനങ്ങളോ ആണ് പരമ്പരാഗത വിപണികളില്‍ വിറ്റഴിയാറുളളത്. അതുപോലെ തന്നെ സമൂഹത്തിന്റെ അത്യാവശ്യങ്ങളോ ആവശ്യങ്ങളോ നിറവേറ്റാനുളള ഉല്‍പന്നങ്ങളോ സേവനങ്ങളോ ആണ് ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വന്നിരുന്നതും. എന്നാല്‍ വിപണിഭീകരത സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുപകരം മറ്റൊരു പദമാണ് ആധികാരികമായി സ്വീകരിക്കുന്നത്. അതാണ് ഡിമാന്റ് (demand). വിപണിയിലെത്തിക്കുന്നതെല്ലാം മനുഷ്യന്റെ അത്യാവശ്യങ്ങളായി ആവശ്യപ്പെടുന്ന തരത്തിലേക്ക് സമൂഹത്തെ പുനഃക്രമീകരണം നടത്തുകയാണ് ഇവരാദ്യം ചെയ്യുന്നത്. സമൂഹത്തിന് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വാങ്ങാന്‍ പ്രേരിപ്പിക്കുക എന്നതാണ് വിപണി ഭീകരതയുടെ മറ്റൊരു ആയോധന രീതി. ഇത് അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പ്രവഹിക്കുന്ന ലാവയേക്കാള്‍ മാരകമായ രീതിയില്‍ പ്രകൃതിയെയും മനുഷ്യരെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്റ് ഉണ്ടാക്കാന്‍ ഉല്‍പാദന കമ്പനികള്‍ ഏത് ഹീനകൃത്യവും ചെയ്യുമെന്നത് പലപ്പോഴും ആരും തിരിച്ചറിയാറില്ല.

വിപണിഭീകരര്‍ വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് ഒരു സമൂഹത്തിന്റെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന പരസ്യവാചകങ്ങളും പരസ്യങ്ങളും സൃഷ്ടിക്കുന്നത്. എന്തിനധികം പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന കളറുകള്‍ പോലും നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷമാണ് രൂപപ്പെടുത്തുന്നത്. സമൂഹ മനസ്സിന്റെ ശാസ്ത്രം പഠിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെയുള്ള വിപണിഭീകരര്‍ ഓരോ വര്‍ഷവും ചിലവഴിക്കുന്നത് കോടികളാണ്. ഇതെല്ലാം സമൂഹത്തെ സഹായിക്കുന്നതിനല്ല. മനുഷ്യരെ രക്ഷിക്കുന്നതിനോ പ്രകൃതിയെ സൂക്ഷിക്കുന്നതിനോ അല്ല. സാമ്പത്തികവും അല്ലാത്തതുമായ ലാഭങ്ങള്‍ക്കു വേണ്ടി മാത്രമാണ്.

വിപണിഭീകരരുടെ നേരിട്ടുള്ള സൃഷ്ടികള്‍

യുദ്ധങ്ങള്‍, വൈറസുകളും പകര്‍ച്ചവ്യാധികളും, ലൈംഗിക അരാജകത്വം, കുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചകള്‍, വിദ്യാഭ്യാസ കച്ചവടം, ജലവും വായുവും വൃക്ഷങ്ങളും ഉള്‍പ്പെടെയുള്ള പ്രകൃതിയുടെ നാശം, തീവ്രവാദങ്ങളും ഭീകരതകളും, ആഡംബര വസ്തുക്കളോടുള്ള മനുഷ്യന്റെ ഭ്രമം വര്‍ദ്ധിപ്പിക്കല്‍, ആത്മീയതയുടെയും അധ്യാത്മികതയുടെയും കച്ചവടവല്‍ക്കരണം, മനുഷ്യന്റെ ചിന്താശേഷിയുടെയും തിരിച്ചറിവിന്റെയും തകര്‍ച്ച തുടങ്ങിയ ഈ നിര വളരെ നീണ്ടതാണ്.

ഉപസൃഷ്ടികള്‍

ആയുധക്കച്ചവടം. കാന്‍സറും എയ്ഡ്സും അല്‍ഷിമേഴ്സും ഹൈപ്പറ്റെറ്റിസും ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ രോഗങ്ങളെ കേന്ദ്രീകരിച്ചുള്ള മരുന്നുവ്യവസായം. ലൈംഗിക ഉത്തേജക മരുന്നുകളും ഡോക്ടര്‍മാരും ആശുപത്രികളുമുള്‍പ്പെടെയുള്ള നീണ്ട വിപണി. മനശ്ശാസ്ത്രജ്ഞരും വനിതാ പ്രസിദ്ധീകരണങ്ങളും ഹോം നഴ്സിങ്ങും ഓള്‍ഡ് ഏജ് ഹോമുകളും ഡേ കെയര്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള വളരെ വലിയ വിപണി. നട്ട് ബോള്‍ട്ട് ഫിറ്റിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ തുടങ്ങി ലിഫ്റ്റും ഫയറും ഹോട്ടല്‍ വെയിറ്ററും പ്രീ മാര്യേജ് കൗണ്‍സിലിംഗും ഉള്‍പ്പെടെ അമ്മിഞ്ഞപ്പാല്‍ നല്‍കാന്‍ പഠിപ്പിക്കുന്ന, മണിയറയിലെ ആദ്യരാത്രിയില്‍ എങ്ങനെ കള്ളങ്ങള്‍ പറഞ്ഞ് തുടങ്ങാം എന്നതു പോലും പഠിപ്പിക്കുന്ന ലക്ഷോപലക്ഷം സ്ഥാപനങ്ങളും അനുബന്ധ വിപണികളും. കുടിവെള്ളവും ഓക്സി റൂമുകളും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടെയുള്ള കോടാനുകോടികളുടെ വിപണി. മാദ്ധ്യമ-രാഷ്ട്രീയ വ്യവസായം. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വിഭജനങ്ങളിലൂടെ സൃഷ്ടിക്കുന്ന ഒട്ടനവധി കച്ചവടങ്ങള്‍. സ്വര്‍ണ്ണം, പ്ലാറ്റിനം, വെള്ളി, ആഡംബര വാഹനങ്ങള്‍, ബ്രാന്റഡ് വസ്ത്രങ്ങള്‍, ബ്രാന്റഡ് വ്യക്തികള്‍, ബ്രാന്റഡ് ഗൃഹോപകരണങ്ങള്‍, ബ്രാന്റഡ് ഭക്ഷണങ്ങള്‍, ബ്രാന്റഡ് ജലം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കോസ്മറ്റിക് ഹോസ്പിറ്റലുകള്‍, കോസ്മറ്റിക് അനുബന്ധ ഡോക്ടര്‍മാര്‍, പ്ലാസ്റ്റിക് സര്‍ജന്മാര്‍, ഇതുമായി ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റിയൂഷനുകള്‍, അനുബന്ധ വ്യവസായങ്ങള്‍. ഏലസ്സുകളും ചരടുകളും രുദ്രാക്ഷമാലകളും കൊന്തകളും കല്ലുകളും തുടങ്ങി മണ്‍പൊടിയും ഭസ്മങ്ങളും ഉള്‍പ്പെടെയുള്ള അന്ധവിശ്വാസ വിപണിയും അനുബന്ധമായ മാദ്ധ്യമ പരസ്യലോകവും, മെഡിറ്റേഷന്‍, യോഗ, ശ്രീ ശ്രീ യോഗ, പലതരം താന്ത്രിക് ഇന്‍സ്റ്റിറ്റിയൂഷനുകളും സിദ്ധചികിത്സകളും മന്ത്രവാദവും തുടങ്ങിയ നിര. റിങ്ടോണ്‍ വിപണി, ഗ്രീറ്റിംഗ് കാര്‍ഡ് വിപണി, വാലന്റൈന്‍സ് ഡേ വിപണി, അക്ഷയ തൃതീയ, വീഡിയോ/കമ്പ്യൂട്ടര്‍/മൊബൈല്‍ ഗെയിമുകള്‍, യാതൊരുവിധ മൂല്യങ്ങള്‍ക്കും വില കല്‍പിക്കാത്തതും പ്രയോജനരഹിതവും ഗുരുതരഭവിഷ്യത്തുകള്‍ മാത്രം സൃഷ്ടിക്കുന്നതുമായ സിനിമകളും സീരിയലുകളും മാദ്ധ്യമവ്യവസായവികസനത്തിന് വേണ്ടിയുള്ള ഗെയിമുകളും തുടങ്ങി യുവതലമുറയുടെ തലച്ചോറിനെ പരിപൂര്‍ണ്ണമായും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന ആഘോഷവിപണി.

വികസനവും വിപണിഭീകരതയും

മനുഷ്യന്റെ `അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും’ അടിസ്ഥാനമാക്കി രൂപപ്പെടുത്തേണ്ടിയിരുന്ന വികസനം `ലാഭത്തെ’ അടിസ്ഥാനമാക്കി രൂപപ്പെടുത്തി തുടങ്ങിയതാണ് വിപണിഭീകരതയുടെ മൂലകാരണം. കാലം മുന്നോട്ടുപോകുന്തോറും മനുഷ്യന്റെ അറിവും സാങ്കേതികജ്ഞാനവും വളരുകയും പുതിയ ജീവിത ചുറ്റുപാടുകള്‍ രൂപപ്പെടുകയും ചെയ്യണം. അതാവശ്യം തന്നെയാണ്. അതോടൊപ്പം തന്നെ അറിവിന്റെയും തിരിച്ചറിവിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യന് സാമൂഹികവും മാനുഷികവുമായ പക്വതയും കൈവരേണ്ടതുണ്ട്. പക്ഷേ, ലാഭത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട വിപണിസംവിധാനത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരുവിധ സ്ഥാനവുമില്ല. ലാഭം മുന്‍കൂട്ടി നിശ്ചയിക്കുകയും അതിനു വേണ്ട രീതിയില്‍ ഉല്‍പാദനം നടത്തുകയും അത് വിറ്റഴിക്കാനുളള വിപണി കൃത്യമായി സൃഷ്ടിക്കുകയും ചെയ്യുന്നതോടെ വിപണിഭീകരതയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നു. അണുശക്തികൊണ്ട് ബോംബുണ്ടാക്കുന്നതുപോലെ, ബോംബുകള്‍ മനുഷ്യര്‍ക്കു നേരെ വലിച്ചെറിയുന്നതുപോലെ വിപണിക്കു വേണ്ടി മനുഷ്യരെയും പ്രകൃതിയെയും കൊല്ലുകയാണ് വിപണിഭീകരത ചെയ്യുന്നത്. പാംഓയിലിന് ആവശ്യക്കാരില്ലാത്ത കേരളത്തില്‍ വെളിച്ചെണ്ണ ഹൃദ്രോഗമുണ്ടാക്കുമെന്ന് പ്രചരിപ്പിച്ച് പാംഓയിലിന് ഡിമാന്റ് ഉണ്ടാക്കിയത് ചരിത്രമാണ്. ഹൃദ്രോഗത്തിന് മരുന്നു കണ്ടുപിടിച്ച് വിറ്റഴിക്കുന്ന കമ്പനികള്‍ മരുന്നിന്റെ ഡിമാന്റ് കൂട്ടാന്‍ ഹൃദ്രോഗമുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കുന്നത് കുറേക്കൂടി ഭീകരമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ വിരളമാണ്. എല്ലാ പാര്‍ശ്വഫലങ്ങള്‍ക്കും മറുമരുന്ന് സുലഭം. മരുന്നും മറുമരുന്നും തുടരുമ്പോള്‍ പുതിയ മരുന്നിനായി പുതിയ ഡിമാന്റുകള്‍ ഉണ്ടാകുന്നു. ഉല്‍പന്ന നിര്‍മ്മാണവും ഡിമാന്റ് നിര്‍മ്മാണവും ഇങ്ങനെ സമാന്തരമായി തുടരുമ്പോള്‍ അടിസ്ഥാനപരമായി വര്‍ദ്ധനവുണ്ടാകുന്നത് വിപണിഭീകരരുടെ ലാഭത്തില്‍ മാത്രമാണ്.

മരുന്നുകമ്പനികള്‍ക്ക് രോഗങ്ങള്‍ ആവശ്യമാണെന്നതുപോലെ ആയുധനിര്‍മ്മാണ കമ്പനികള്‍ക്ക് ലോകത്തില്‍ യുദ്ധങ്ങളും ആവശ്യമാണ്. അത്തരം കമ്പനികള്‍ക്ക് സ്വാധീനമുളള ഭരണകൂടങ്ങള്‍ ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടാക്കാനുളള രാഷ്ട്രീയ നിലപാടുകളെടുക്കുന്നത് സ്വാഭാവികമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഗാസയിലെ ആക്രമണം ശക്തിപ്പെടുത്താന്‍ ഇസ്രയേലിന് അമേരിക്ക നല്‍കുന്ന 5200 ടണ്‍ ആയുധങ്ങള്‍. ഏകദേശം ആയിരത്തോളം കണ്ടെയ്നറുകളിലായി ജനുവരി 15ന് മുന്‍പ് ഇസ്രയേലി തുറമുഖമായ അസ്ദോദില്‍ എത്തുന്ന ഈ ആയുധങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വളരെ വലിയ ആശ്വാസം നല്‍കും. കാരണം കോടികളാണ് ഇതിന്റെ വില. പ്രത്യേക ഇനത്തില്‍ പെട്ട ആയിരം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന് നല്‍കാന്‍ കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അനുമതി നല്‍കിയിരുന്നു. ഏതു ശക്തമായ കെട്ടിടങ്ങളെയും നാമാവശേഷമാക്കി ആഴത്തില്‍ ഗര്‍ത്തം സൃഷ്ടിക്കാന്‍ ശേഷിയുള്ള ലോകത്തെ തന്നെ ഏറ്റവും വിനാശകാരിയായ ഈ ബോംബുകളുടെ ആദ്യശേഖരം ജനുവരി ആദ്യ ആഴ്‌ചയില്‍ തന്നെ അമേരിക്ക ഇസ്രയേലിന് കൈമാറിയിരുന്നു. വിപണിഭീകരര്‍ നടത്തുന്ന ആയുധക്കച്ചവടത്തിന്റെ ഈ ഹീനമായ മുഖം മുന്‍പും പലതവണ ലോകം കണ്ടിട്ടുള്ളതാണ്. ഇറാഖ് കുവൈറ്റിനെ ആക്രമിച്ച സമയത്ത് സൗദി അറേബ്യയുടെ അതിര്‍ത്തികളില്‍ അമേരിക്കയുടെ `പാട്രിയറ്റ്’ മിസൈലുകള്‍ വിന്യസിക്കാന്‍ ആ സര്‍ക്കാര്‍ കോടികണക്കിന് ഡോളര്‍ ചെലവഴിക്കുകയുണ്ടായി. അതും ഒരു തരം ഡിമാന്റ് ഉണ്ടാക്കല്‍ തന്ത്രമാണ്. മതഭീകരത വളര്‍ത്തുകയും അതിനെ അമര്‍ച്ച ചെയ്യലുമെല്ലാം തന്നെ ഈ ആയുധ ഡിമാന്റ് നിര്‍മ്മാണത്തിന്റെ ഭാഗമാണ്. ഇറാനെതിരെ ഇറാഖിനെ കൊണ്ട് പത്തുവര്‍ഷം യുദ്ധം ചെയ്യിച്ചത് അമേരിക്കയായിരുന്നു. പിന്നീട് ഇറാഖിനെ തകര്‍ത്തതും അമേരിക്ക തന്നെ. സോവിയറ്റ് യൂണിയനെതിരായി അഫ്ഗാനിസ്ഥാനില്‍ താലിബാനേയും, ഇന്ത്യക്കെതിരായി പാക്കിസ്ഥാനില്‍ കാശ്മീര്‍ തീവ്രവാദികളേയും ആയുധമണിയിച്ചതും അമേരിക്ക തന്നെയാണ്. ഇപ്പോള്‍ അവിടെയെല്ലാം ആയുധങ്ങള്‍ വില്‍ക്കാനും ഇവിടങ്ങളിലെല്ലാം ആയുധഫാക്ടറികള്‍ തന്നെ തുടങ്ങാനുമുള്ള തിരക്കിലാണിവര്‍.

മതഭീകരവാദികളും വിപണിഭീകരവാദികളും

മതഭീകരവാദികള്‍ – തങ്ങള്‍ അന്ധമായി വിശ്വസിക്കുന്ന, അനുകരിക്കുന്ന പ്രത്യയശാസ്ത്രം മറ്റൊരു വ്യക്തിയിലോ സമൂഹത്തിന്റെയോ, സംസ്‌കാരത്തിന്റെയോ, രാഷ്ട്രത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമൊഴികെ മറ്റെല്ലാം ചെകുത്താന്റേതാണെന്നും അതിനെ നശിപ്പിക്കേണ്ടത് തന്റെ / തങ്ങളുടെ ദൗത്യമാണെന്നും രൂഢമൂലമായി വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ നിരവധി ജീവനുകളും അനവധി പേരുടെ ആരോഗ്യവും ഇതുമൂലം തകരുന്നു. ഒട്ടനവധി കുടുംബങ്ങള്‍ അനാഥരാകുന്നു. ചില കുടുംബങ്ങള്‍ സനാഥരായിട്ടും അനാഥരായി ജീവിക്കേണ്ടി വരുന്നു. ഇതോടൊപ്പം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാലിവിടെ തീവ്രവാദികളും ഭീകരവാദികളും ഒഴികെ മറ്റിരകള്‍ക്കെല്ലാം സര്‍ക്കാരുകളുടെയും രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും സമൂഹത്തിന്റെയും സാമ്പത്തിക സഹായം മുതല്‍ എല്ലാ സംരക്ഷണവും ലഭിക്കുന്നുണ്ട് (അപൂര്‍വ്വം അവസരങ്ങള്‍ ഒഴികെ). ചിലപ്പോള്‍ തീവ്രവാദിക്കുവേണ്ടി പോലും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സമൂഹവും രംഗത്തു വരാറുമുണ്ട്.

മദ്യത്തിലൂടെ, സൂപ്പര്‍ ലോട്ടോ, പ്ലേവിന്‍, ഒറ്റ നമ്പര്‍ ലോട്ടറികള്‍, ഇതര സ്വകാര്യ ലോട്ടറികള്‍ എന്നിവയിലൂടെ, ഹാന്‍സ്, പാന്‍പരാഗ്, സിഗരറ്റ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങളിലൂടെയും ലഹരിപദാര്‍ത്ഥങ്ങളിലൂടെയും, കമ്പ്യൂട്ടറിലൂടെ, ഇന്റര്‍നെറ്റിലൂടെ, വിഷവും മായവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ, രോഗത്തിന് പ്രതിവിധിയെന്ന പേരില്‍ നല്‍കുന്ന മരുന്നിലൂടെ, ബാങ്കിംഗ് എന്ന ഓമനപ്പേരിലുള്ള പലിശ വ്യവസായ സ്ഥാപനങ്ങളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നവരെയും ദിവസവും പതിനായിരങ്ങള്‍ക്ക് രോഗം വിതരണം ചെയ്യുന്നവരെയും ഞങ്ങള്‍ വിളിക്കുന്നു വിപണിഭീകരവാദികളെന്ന്. മോഷണം ഒരു ഹരമായി, വരുമാനമാര്‍ഗ്ഗമായി ഏറ്റെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന, വരും തലമുറയെപ്പോലും വഴിതെറ്റിക്കുന്ന ധൂം, ക്രേസി ഗോപാലന്‍ പോലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നവരെ, അതിന്റെ സംവിധായകരെ ഞങ്ങള്‍ വിളിക്കും വിപണിഭീകരരെന്ന്. ഇതിന് സഹായം നല്‍കി കൂടെ നില്‍ക്കുന്നവരെ ഭീകരവാദികളുടെ സഹായികളെന്ന് ഞങ്ങള്‍ വിശേഷിപ്പിക്കും. ചിലപ്പോള്‍ ഞങ്ങള്‍ മാത്രം. ഈ ഭീകരര്‍ക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഇതര സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിയമ നീതി സംവിധാനങ്ങളുടെയും സംരക്ഷണമുണ്ട്. ഇതിന്റെ ഇരകള്‍ക്ക് സംരക്ഷണമില്ല. അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഈ ഭൂമുഖത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ബാക്കി.

മദ്യാസക്തിയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും വളര്‍ത്തുന്ന രീതിയില്‍ സാമൂഹിക ക്രമീകരണവും നിയമസംവിധാനങ്ങളും രൂപപ്പെടുത്തുന്നതിലൂടെ അമിതമദ്യപാനത്തിനിരകളായി കരള്‍ രോഗവും മസ്തിഷ്‌ക മരണവും ക്യാന്‍സറും ഹൃദയസ്തംഭനവും വന്ന് മരിച്ചുപോയവര്‍ ഇന്ത്യാരാജ്യത്ത് കോടികള്‍ വരും. രോഗശയ്യയില്‍ കിടക്കുന്നവരും കോടികളാണ്. ഇവര്‍ക്ക് മദ്യം നിര്‍മ്മിച്ച് വിറ്റവരും, പ്രത്യക്ഷമായും പരോക്ഷമായും ഇവര്‍ക്ക് വേണ്ടി പരസ്യവിപണി ഒരുക്കിയവരും വിപണിഭീകരവാദികളല്ലാതെ മറ്റാരാണ്. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയവര്‍ വിപണിഭീകരവാദികളുടെ സഹായികളല്ലാതെ മറ്റാരാണ്. പക്ഷേ, നമ്മുടെ വ്യവസ്ഥിതി ഈ ഭീകരവാദികളെയും ഇവരുടെ സഹായികളെയും മാന്യന്മാരായും ഇതിന്റെ ഇരകളെ നികൃഷ്ടജീവികളായും മുദ്രകുത്തുന്നു. എന്തൊരു വിരോധാഭാസമാണിത്?

മതതീവ്രവാദത്തിലേക്കും മതഭീകരതയിലേക്കും മാത്രം ലോകത്തിന്റെ ശ്രദ്ധതിരിപ്പിക്കാനുളള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തവര്‍ വിജയത്തിന്റെ മട്ടുപ്പാവിലിരുന്നു ചിരിക്കുമ്പോള്‍ ലോകം വിപണിഭീകരതയുടെ കുരുക്കിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. അനുഭവങ്ങളുടെയും അറിവുകളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ നിന്ന് നന്മയും തിന്മയും തിരിച്ചറിഞ്ഞ് നല്ല മനുഷ്യനാകാനുള്ള കഴിവ് തുലോം കുറവുള്ളവര്‍ക്ക് വേണ്ടി രൂപപ്പെട്ട അല്ലെങ്കില്‍ അതാത് കാലത്ത് മഹാന്മാര്‍ രൂപപ്പെടുത്തിയ കൂട്ടായ്മകളാണ് മതങ്ങളെങ്കില്‍, അതിന്റെ ചീത്തവശങ്ങളാണ് മതതീവ്രവാദവും മതഭീകരതയും. ഈ ചീത്തവശങ്ങളെ ഇന്ന് നാം കാണുന്ന വിനാശകരമായ രീതിയിലേയ്ക്ക് വളര്‍ത്തിയെടുത്തത് വിപണിഭീകരതയുടെ പ്രയോക്താക്കളാണ്. ഈ സത്യം സാമൂഹിക, സാംസ്‌കാരിക മാദ്ധ്യമ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കാണാതെ പോകരുത്. കാണാതെ പോയാല്‍ കാലം നമുക്ക് മാപ്പുതരില്ല.

Published in Keraleeyam Online on 12th January 2009 (Used for test purpose)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE