കണ്ണൂർ: ആർഎംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്‌തമായി തന്നെ പറഞ്ഞിട്ടുണ്ട്. അവർ പുറത്തുനിന്നുള്ള നിരുപാധിക പിന്തുണയാണ് നൽകിയത്. രണ്ടും രണ്ട് രാഷ്‌ട്രീയമാണ്. ആർഎംപി ദേശീയ പാർട്ടിയാണ്. അത് അങ്ങനെ തന്നെയാണ് ഇനിയും മുന്നോട്ട് പോകുകയെന്നും കെകെ രമ വ്യക്‌തമാക്കി.
വടകരയിൽ യുഡിഎഫ് പിന്തുണയോടെയാണ് ആർഎംപി സ്‌ഥാനാർഥിയായ കെകെ രമ മൽസരിച്ചത്.
തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ആർഎംപിക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ രീതിയിൽ പോളിംഗ് നടന്നിട്ടുണ്ട്. സാധാരണ വോട്ട് ചെയ്യാൻ എത്താത്തവർ പോലും ഇത്തവണ വോട്ട് ചെയ്യാനെത്തി. നല്ല പ്രതീക്ഷയുണ്ടെന്നും കെകെ രമ പറഞ്ഞു. സിപിഎമ്മിന്റെ വോട്ടുകളും കിട്ടിയിട്ടുണ്ട്. പാർട്ടി അറിയണ്ട, എന്നാൽ രമക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്ന് പലരും ഫോണിൽ വിളിച്ചുപറഞ്ഞു. കൊലപാതക രാഷ്‌ട്രീയത്തിന് എതിരെ പ്രത്യേകിച്ചും സ്‌ത്രീ വോട്ടർമാർക്കിടയിൽ വിദ്വേഷമുണ്ട്.
യുഡിഎഫിന്റെ ഭാഗത്ത് നിന്നും ശക്‌തമായ പിന്തുണ ഉണ്ടായിരുന്നു. പിണറായി എന്ന ഏകാധിപതിക്ക് എതിരെയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഇടതു സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നും പിണറായി സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നും കെകെ രമ പറഞ്ഞു.
Also read: കനത്ത സുരക്ഷ; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ വോട്ടിംഗ് സമാധാനപരം