തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത് 25 ല്‍ താഴെ ഫയലുകളാണെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. നൂറിലേറെ ഫയലുകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച ദുരന്തനിവാരണ കമ്മീഷണര്‍ ഡോ എ കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് ഓണത്തിന് ശേഷം സര്‍ക്കാറിന് നല്‍കും.
കത്തി നശിച്ചത് സുപ്രധാന ഫയലുകള്‍ അല്ലെന്നാണ് വിലയിരുത്തല്‍. ഗെസ്റ്റ് ഹൗസ് മുറി ബുക്കിന്റെ രേഖകളാണ് കത്തിയതെന്ന നിലപാടില്‍ തന്നെയാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍. ഭാഗികമായി കത്തിയ ഫയലുകള്‍ സ്കാന്‍ ചെയ്ത് നമ്പറിട്ട് സീല്‍ ചെയ്ത അലമാരകളില്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫയലുകളുടെ പരിശോധന വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.
തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ഓണത്തിന് ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ, സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാറിന് സമര്‍പ്പിക്കും.