കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്‌കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ പിരിഞ്ഞു പോകണമെന്നും സൈലെൻസ്‌കി പ്രതികരിച്ചു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കാണിക്കുന്ന ഗ്രാഫിക് വിഡിയോയും ഇദ്ദേഹം പുറത്തുവിട്ടു.
അവരെ അവരുടെ അപ്പാർട്ടുമെന്റുകളിലും വീടുകളിലും ഗ്രനേഡുകൾ പൊട്ടിച്ചു കൊലപ്പെടുത്തി. സ്‌ത്രീകളെ അവരുടെ മക്കളുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു കൊന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള മറ്റു ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്‌തമല്ല. യുഎൻ സുരക്ഷാ കൗൺസിലിലെ ഒരു അംഗമാണ് ഇതു ചെയ്യുന്നത്; ഇദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ യുക്രൈനിൽ റഷ്യൻ സൈന്യം അതിക്രമം നടത്തിയെന്ന ആരോപണത്തെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ നിഷേധിച്ചു. ഇതിനു തെളിവുകളൊന്നുമില്ലെന്ന് ഇദ്ദേഹം യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്നും രാജ്യാന്തര വ്യവസ്‌ഥയോടുള്ള എക്കാലത്തെയും വലിയ വെല്ലുവിളിയാണ് ഇതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
Read Also: ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ