ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. മൽസ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയും തിരച്ചിലിനായി എത്തും. കൂടുതൽ ആളുകളെ എത്തിച്ചു വിപുലമായ തിരച്ചിലായിരിക്കും ഇന്ന് നടക്കുക.
നിലവിൽ കാലാവസ്‌ഥ അനുകൂലമാണ്. നല്ല വെയിലുള്ള സമയം നോക്കി തിരച്ചിൽ നടത്തിയാൽ കൂടുതൽ ഗുണകരമാകും. ഇന്നലത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. കാലാവസ്‌ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിങ് സംഘം പുഴയിൽ മുങ്ങി പരിശോധന നടത്തൂ.
കരസേനയുടെ സഹായവും ഉണ്ടാകും. നാവികസേനക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്‌ടർ എത്തുക. പുഴയിലെ തിരച്ചിൽ ദൗത്യത്തിന് നിലവിൽ കരസേനയെ നിയോഗിച്ചിട്ടില്ല. ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഈശ്വർ മൽപെ പറയുന്നത്. പുഴയുടെ അടിയൊഴുക്ക് കുറഞ്ഞു. മുങ്ങിത്താഴുമ്പോൾ പുഴയുടെ അടിയിൽ എല്ലാം വ്യക്‌തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ ഇറങ്ങാനായാൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വർ മൽപെ പറഞ്ഞു.
കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
Most Read| സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്