ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്‌സിൻ എടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടണിൽ ഒക്‌ടോബർ നാല് മുതൽ നിലവിൽ വരുന്ന പുതുക്കിയ യാത്രാ നിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. ബ്രിട്ടന്റേത് വംശീയമായ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിമർശിച്ചു. അംഗീകരിച്ച വാക്‌സിനുകളുടെ പുതുക്കിയ പട്ടികയിലും കോവാക്‌സിനും കോവിഷീൽഡുമില്ല.
കോവിഷീൽഡിന്റേയോ കോവാക്‌സിന്റേയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്റെയ്ൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. ബ്രിട്ടണിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
ആസ്ട്രസെനക്കയുടെ വാക്‌സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറന്റെയ്ൻ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർഥികളും ബിസിനസുകാരും ഉൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ തീരുമാനം വെല്ലുവിളിയാണ്.
നേരത്തെ യൂറോപ്യൻ യൂണിയന്റെ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവിഷീൽഡ് ഉൾപ്പെടുത്താത്തതിൽ ഇന്ത്യ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാൻസ് ഉൾപ്പടെയുള്ള യുറോപ്യൻ രാജ്യങ്ങൾ കോവിഷീൽഡിനെ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്‌തി അറിയിച്ചിട്ടുണ്ട്.
Also Read: റഷ്യയിലെ സർവകലാശാലയിൽ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു