കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിൽ, വിഷയത്തിൽ സർക്കാർ ഇടപെടൽ. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർഥി പ്രതിനിധികളും മാനേജ്‌മെന്റുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ രജിസ്ട്രേഷൻ മന്ത്രി വിഎൻ വാസവൻ എന്നിവർ ചർച്ച നടത്തും.
നാളെ രാവിലെ പത്ത് മണിക്ക് കോളേജിൽ വെച്ചാകും ചർച്ച നടക്കുക. അതേസമയം, മാനേജ്‌മെന്റിനെതിരേ വിദ്യാർഥികൾ നടത്തുന്ന സമരം ഏറെ വൈകിയും തുടരുകയാണ്. കോളേജിന്റെ പ്രധാന കവാടം വിദ്യാർഥികൾ പൂട്ടിയിടുന്ന സ്‌ഥിതിയുമുണ്ടായി. അധ്യാപകരെ അടക്കം കോളേജിന് പുറത്തിറങ്ങാൻ അനുവദിക്കാതിരുന്ന വിദ്യാർഥികൾ കവാടത്തിനടുത്ത് നിലയുറപ്പിച്ചു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച എസ്എഫ്ഐ കോളേജിന് പുറത്ത് കൊടി നാട്ടി.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്‌റ്റൽ വാർഡനും ഫുഡ് ടെക്‌നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പോലീസ് നടപടി വൈകുന്നതിലും വിദ്യാർഥികൾക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന ചർച്ച നിർണായകമാണ്. അതേസമയം, കോളേജിലേക്ക് ഇന്ന് എബിവിപി പ്രതിഷേധ മാർച്ച് നടത്തി.
തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങി മരിക്കാൻ കാരണമെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. ശ്രദ്ധയെ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു അതിരുവിട്ടു ശകാരിച്ചതായും സഹപാഠികൾ പറയുന്നു. ഇതിൽ മനംനൊന്താണ് ശ്രദ്ധ ആത്‍മഹത്യ ചെയ്‌തതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.
Most Read: ‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി