തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് പെയ്‌ത വേനൽമഴയിൽ വ്യാപക നാശനഷ്‌ടം. മലപ്പുറം, കോഴിക്കോട്, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലാണ് കനത്ത മഴക്കൊപ്പം കാറ്റും വീശിയടിച്ചത്. ഇന്ന് സംസ്‌ഥാനത്തെ 13 ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയാണ് പെയ്‌തത്. വൈകിട്ട് നാലോടെ പെയ്‌ത മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. പലയിടത്തും കൃഷിനാശം ഉണ്ടായി. ശക്‌തമായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൊച്ചി വൈറ്റിലയിൽ വെള്ളക്കെട്ട് രൂക്ഷമായി.
ബൈപ്പാസിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ ഗതാഗതം തടസമാണ് അനുഭവപ്പെടുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ കാറ്റിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട്-കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്‌തംഭിച്ചു. കൊല്ലം പുനലൂരിൽ ശക്‌തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി.
വയനാട് മീനങ്ങാടിയിൽ അഞ്ചു വീടുകളുടെ മേൽക്കൂരകൾ തകർന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും മഴ ശക്‌തമായിരുന്നു. കൂരാച്ചുണ്ട് മേഖലയിൽ മരങ്ങൾ കടപുഴകിയെന്നാണ് വിവരം. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് ശക്‌തമായ മഴയും കാറ്റും മൂലം ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് മൽസരങ്ങൾ നിർത്തിവെച്ചു. കാലിക്കറ്റ് സർവകലാശാലയുടെ മൈതാനത്ത് നടന്ന മൽസരങ്ങളാണ് നിർത്തിവെച്ചത്. മൈതാനത്ത് നിർമിച്ചിരുന്ന പന്തൽ കാറ്റിൽ തകർന്നു.
കാസർഗോഡ് കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശക്‌തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്.
Most Read: ജപ്‌തി നടപടി; മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവെച്ചു