കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തതിൽ കടുത്ത പ്രതിഷേധം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ജില്ലയിലെ ആരോഗ്യ സ്‌ഥാപനങ്ങളിൽ കരിദിനം ആചരിക്കും. നടപടി പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ സ്‌ഥാപനങ്ങളിലെയും ഒപി ബഹിഷ്‌കരിക്കുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
സേവന കാലാവധി മുഴുവൻ മാതൃകാ പ്രവർത്തനം നടത്തിയ സൂപ്രണ്ട് ഡോ. കെസി രമേശനെതിരെ ഉണ്ടായ അന്യായമായ നടപടി ഡോക്‌ടർമാരുടെ മനോവീര്യം കെടുത്തുമെന്ന് കെജിഎംഒഎ കോഴിക്കോട് ജില്ലാസമിതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തികച്ചും ഏകപക്ഷീയമായ നടപടിക്കെതിരെ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും സമിതി വ്യക്‌തമാക്കിയിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണമായും പോലീസിനാണെന്നിരിക്കേ തടവുപുള്ളികൾ ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തി തീർക്കുന്ന നടപടി തികച്ചും ബാലിശമാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: ഭാഗ്യലക്ഷ്‌മിക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിതേടി എജിക്ക് അപേക്ഷ