ഡോടോമ: ടാന്‍സാനിയ പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡാര്‍ എസ് സലാമിലെ ആശുപത്രിയിൽ വെച്ച് ബുധനാഴ്‌ച ആയിരുന്നു അന്ത്യം. വൈസ് പ്രസിഡണ്ട് സമിയ സുലുഹു ഹസനാണ് പ്രസിഡണ്ട് മരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
പൊതുവേദികളില്‍ മഗുഫുലിയെ രണ്ടാഴ്‌ചയിലേറെയായി കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധിയായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മഗുഫുലിക്ക് കോവിഡ്-19 ബാധിച്ചതായി പ്രതിപക്ഷ പാർട്ടിക്കാർ ആരോപിച്ചെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്‌ഥിരീകരണം വന്നിരുന്നില്ല.
അതേസമയം രാജ്യത്ത് രണ്ടാഴ്‌ചത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും പതാകകള്‍ പകുതി താഴ്‌ത്തിക്കെട്ടുമെന്നും വൈസ് പ്രസിഡണ്ട് അറിയിച്ചു.
അധികാരത്തിലിരിക്കെ മരിക്കുന്ന ആദ്യ ടാന്‍സാനിയന്‍ പ്രസിഡണ്ടാണ് ജോണ്‍ മഗുഫുലി. ഇദ്ദേഹത്തിന്റെ മരണത്തോടെ വൈസ് പ്രസിഡണ്ട് സാമിയ സുലുഹു രാജ്യത്തെ പുതിയ പ്രസിഡണ്ടാകും. ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൂടി ആദ്യ വനിതാ പ്രസിഡന്റ് കൂടിയായിരിക്കും സാമിയ സുലുഹു ഹസന്‍.
Read Also: അംബാനിക്ക് ഭീഷണി; ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ