ഡൊഡോമ: ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ സുലുഹു ഹസന്‍ സ്‌ഥാനമേറ്റു. കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ടാന്‍സാനിയയില്‍ പ്രസിഡണ്ട് പദവിയിലേറുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് സാമിയ.
രാജ്യത്തെ ആറാമത്തെ പ്രസിഡണ്ടായാണ് സാമിയ വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തത്. ഭരണത്തില്‍ സത്യസന്ധത പുലര്‍ത്തുമെന്നും ടാന്‍സാനിയയുടെ ഭരണഘടനയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും അവര്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. 2015ലാണ് മഗുഫുലിക്കു കീഴില്‍ വൈസ് പ്രസിഡണ്ടായി സാമിയ ചുമതലയേറ്റത്.
ഡാര്‍ എസ് സലാമിലെ ആശുപത്രിയിൽ വെച്ച് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്‌ച ആയിരുന്നു മഗുഫുലിയുടെ അന്ത്യം. പൊതുവേദികളില്‍ മഗുഫുലിയെ രണ്ടാഴ്‌ചയിലേറെയായി കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധിയായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മഗുഫുലിക്ക് കോവിഡ്-19 ബാധിച്ചതായി പ്രതിപക്ഷ പാർട്ടിക്കാർ ആരോപിച്ചെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്‌ഥിരീകരണം വന്നിരുന്നില്ല.
Read Also: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി