കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി പാറമ്മൽ സ്വദേശി നയീം ജാബിറിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. നയീം ജാബിറടക്കം ഒമ്പതംഗ സംഘമാണ് ഇന്നലെ കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് നയീം ജാബിർ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെമുതൽ തന്നെ യുവാവിനായുള്ള രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മുക്കം ഫയർഫോഴ്‌സും കോടഞ്ചേരി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ വൈകിട്ടോടെ തിരച്ചിൽ നിർത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ എട്ട് മണിക്ക് പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സമീപ ജില്ലകളിൽ നിന്ന് എത്തുന്ന നിരവധിപേർ ഇവിടെ അപകടത്തിൽ പെടുന്നതായി പരാതി ഉണ്ട്. നൂറുകണക്കിന് ആളുകൾ എത്തുന്ന ഇവിടെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടം വിളിച്ചുവരുത്തുന്നത്.
അപകട മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും സഞ്ചാരികൾ ഇതുവകവെയ്‌ക്കാതെ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉണ്ട്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. ശക്‌തമായ ഒഴുക്കാണ് വെള്ളച്ചാട്ടത്തിന് ഉള്ളത്. കൂടാതെ ചില ഭാഗങ്ങളിൽ ആഴമേറിയ ചുഴികളും ഉണ്ട്. ഈ ചുഴികളിൽ അകപ്പെട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധിപേർ ഇവിടെ അപകടത്തിൽ പെട്ടതായും വിവരമുണ്ട്.
Read Also: ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു