കൊൽക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ അക്രമ സംഭവങ്ങൾ അരങ്ങേറിയ പശ്‌ചിമ ബംഗാളിലെ കൂച്ച് ബിഹാർ സന്ദർശിക്കാനുള്ള തീരുമാനത്തെ വിമർശിച്ച മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ഗവർണർ ജഗദീപ് ധൻഖർ. ഗവർണറുടെ സന്ദർശനം മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന മമതയുടെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനക്ക് വിധേയരാണെന്ന് ഗവർണർ പറഞ്ഞു.
ഭരണഘടനാപരമായ പ്രതിബദ്ധത ഉയർത്തിപ്പിടിക്കണമെന്നും മമതക്ക് എഴുതിയ മറുപടി കത്തിൽ ഗവർണർ ആവശ്യപ്പെട്ടു. “ഭരണഘടനയുടെ മഹാത്‌മ്യം ഉൾക്കൊള്ളേണ്ടവരും അതിനെ പിന്തുടരേണ്ടവരുമാണ് മുഖ്യമന്ത്രിയും ഗവർണറും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട സമയമാണിത്. തന്റെ പ്രതിജ്‌ഞയിലെ പോലെ ജനങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം അവർക്കുവേണ്ടി ചെയ്യും,”- മമതക്കെഴുതിയ കത്തിൽ ജഗദീപ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 159 ഉദ്ധരിച്ചുകൊണ്ടായിരുന്നു ഗവർണറുടെ വാക്കുകൾ.
ഇന്ന് കൂച്ച് ബിഹാർ സന്ദർശിക്കുമെന്ന് ഗവർണർ ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് മമത എതിർപ്പുമായി എത്തിയത്. തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും ഗവർണറുടെ കൂച്ച് ബിഹാർ സന്ദർശനം പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും അദ്ദേഹത്തിന് എഴുതിയ കത്തിൽ മമത പറഞ്ഞിരുന്നു.
അതേസമയം, സംഘർഷങ്ങൾ നടന്ന പശ്‌ചിമ ബംഗാളിലെ സിത്തൽകുച്ചിലും കൂച്ച് ബിഹാറിലും ഗവർണർ ഇന്ന് സന്ദർശനം നടത്തും. ആക്രമണങ്ങൾ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അവരത് ചെയ്യാത്തത് കൊണ്ട് താൻ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നും ഗവർണർ തുറന്നടിച്ചു.
Also Read: കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോർട്