മലപ്പുറം: രാജ്യാന്തര ബ്രാൻഡ് എന്ന വ്യാജേന വിൽപന നടത്തിയ നൂറോളം പാക്കറ്റ് സിഗരറ്റ് മഞ്ചേരിയിൽ പിടികൂടി. പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ കടയിൽ നിന്നാണ് പോലീസ് ഇവ പിടികൂടിയത്. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേന ആണ് ഇവ വിൽപന നടത്തുന്നത്.
നിയമപരമായ മുന്നറിയിപ്പോ സിഗരറ്റ് നിർമിച്ച കമ്പനിയുടെ പേരോ വിലാസമോ പാക്കറ്റിൽ പൂർണമായി രേഖപ്പെടുത്താതെയാണ് വിൽപനക്ക് വച്ചിരിക്കുന്നത്. ആകർഷക പാക്കറ്റിൽ വിൽപ്പനക്ക് എത്തിക്കുന്ന ഇത്തരം സിഗരറ്റിൽ നിലവാരം കുറഞ്ഞ പുകയില ആണ് ഉപയോഗിക്കുന്നതെന്നും തുടർച്ചയായുള്ള ഉപയോഗം ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പുകയില ഗന്ധം പുറത്ത് അറിയാതിരിക്കാൻ ഇത്തരം പുകയില ഉൽപന്നങ്ങളിൽ ഫ്‌ളേവർ ചേർക്കുന്നുണ്ട്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇൻസ്‌പെക്‌ടർ അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ സുബിന്ദ്, ജമേഷ്, സിപിഒമാരായ ശരത്, സബിത്, മുഹമ്മദ് സലീം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അനുമതി ഇല്ലാതെ ലഹരി ഉൽപന്നങ്ങൾ ശേഖരിച്ചു വിൽപന നടത്തിയതിന് ആണ് കടയുടമക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. തുടർ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്‌തമാക്കി.
Also Read: ലഹരി മരുന്നുമായി ബൈക്കിൽ കടന്നു കളയാൻ ശ്രമം; പ്രതികൾ പിടിയിൽ