മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചു പോയ അവസ്‌ഥ, ഒന്നര വയസുകാരന്റെ ജീവൻ തിരികെ കിട്ടാൻ ഒരു ശതമാനം പോലും സാധ്യത ഇല്ലെന്ന് മെഡിക്കൽ സംഘം ഒന്നായി അഭിപ്രായപ്പെട്ട സമയത്താണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ മെഡിക്കൽ മിറാക്കിൾ സംഭവിച്ചത്.
‘മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചു പോയ ഒരു കുഞ്ഞ്, അൽഭുതം പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്നു’. അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഡോക്‌ടർമാരും മെഡിക്കൽ സംഘവും.
കാനഡയിലെ ഒന്റാറിയോയിൽ നിന്നാണ് ഈ റിപ്പോർട് പുറത്തുവന്നിരിക്കുന്നത്. ഡേ കെയറിലെ പൂളിൽ വീണതായിരുന്നു ഒന്നര വയസ് പ്രായമുള്ള വെയ്‌ലൺ. മിനിറ്റുകളോളം വെള്ളത്തിൽ ശ്വാസം മുട്ടി കിടന്ന കുഞ്ഞിനെ പുറത്തെടുക്കുമ്പോഴക്കും ശരീരമാകെ തണുത്ത് മരവിച്ചുപോയിരുന്നു. ഹൃദയമിടിപ്പ് നിലയ്‌ക്കുകയും ചെയ്‌തിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ചികിൽസാ സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും, ഡോക്‌ടർമാരും നഴ്‌സുമാരും മറ്റു മെഡിക്കൽ സംഘങ്ങളും കുഞ്ഞ് വെയ്‌ലണിന്റെ ജീവന് വേണ്ടി പ്രയത്‌നിച്ചു. എന്നാൽ, ഹൃദയത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചതിനാൽ വെയ്‌ലൺ ജീവിതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതി. എങ്കിലും, മൂന്ന് മണിക്കൂറോളം ഇടവിട്ട് ഡോക്‌ടർമാർ കുഞ്ഞിന് സിപിആർ നൽകിക്കൊണ്ടിരുന്നു. പ്രാർഥനയോടെ കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു.
എന്നാൽ, വിധിക്കപ്പുറം ഒരു മെഡിക്കൽ മിറാക്കിളാണ് അവിടെ സംഭവിച്ചത്. കുഞ്ഞു പതിയെ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ശ്വാസം എടുക്കാൻ തുടങ്ങി. മെഡിക്കൽ സംഘത്തെ പോലും ഞെട്ടിച്ച് കുഞ്ഞു വെയ്‌ലൺ പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി വീട്ടിൽ നിരീക്ഷണത്തിലാണ് കുഞ്ഞ്.
ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല. സംഭവം നടന്നു രണ്ടാഴ്‌ച കഴിഞ്ഞപ്പോഴാണ് ഇത് വാർത്തകളിൽ ഇടം പിടിക്കുന്നത്. പ്രതീക്ഷകൾ അസ്‌തമിച്ച അവസ്‌ഥയിലും എല്ലാവരും ഒന്നിച്ചു നിന്ന് പൊരുതിയതിന്റെയും നിശ്‌ചയ ദാർഢ്യത്തിന്റെയും ഫലമാണിതെന്ന് വെയ്‌ലണെ ചികിൽസിച്ച ഡോക്‌ടർ ടെയ്‌ലർ പറഞ്ഞു.
Most Read: ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; കൂടിയാലോചനകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി