കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു പോലീസ്. തീപിടിത്തത്തിൽ അട്ടിമറി ഇല്ലെന്നും, അന്തരീക്ഷത്തിലെ അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നും പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്‌മപുരത്ത് ആരെങ്കിലും മനഃപൂർവം തീവെച്ചതാണെന്ന് പറയാൻ കഴിയില്ലെന്നും അതിന് തെളിവില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കി.
രാസവിഘടന പ്രക്രിയയാകാം തീപിടിത്തത്തിന് കാരണം. ബ്രഹ്‌മപുരത്ത് തീ കെടുത്താനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് ഗുരുതര സാഹചര്യങ്ങൾക്ക് കാരണമായത്. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ളാന്റിൽ ഇനിയും തീപിടിത്തത്തിന് സാധ്യത ഉണ്ടെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തീപിടിത്തം ഉണ്ടായത് വൈകിട്ട് 3.58ന് ആണ്. സിസിടിവിയിൽ ഒരു ഭാഗത്ത് മൂന്ന് മിനിറ്റ് കൊണ്ട് തീപിടിക്കുന്നത് വ്യക്‌തമാണ്. പല ഭാഗങ്ങളിലും തീപിടിച്ചെന്ന ആരോപണം തെറ്റാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്ളാന്റിലെ ജീവനക്കാരുടെയും കമ്പനി ഉദ്യോഗസ്‌ഥരുടെയും മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. വിശദമായ പരിശോധനക്ക് ശേഷമാണ് അട്ടിമറിയില്ലെന്ന് സ്‌ഥിരീകരിച്ച് സർക്കാരിന് റിപ്പോർട് സമർപ്പിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.
Most Read: ഇന്നസെന്റിന് ഇന്ന് കലാലോകം വിടചൊല്ലും; സംസ്‌കാരം രാവിലെ പത്തിന്