ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പുൽപ്പള്ളിക്കടുത്തെ ചാമപ്പാറ തട്ടുപുരക്കൽ വിനീഷ്, ശശിമല പൊയ്‌കയിൽ സുരേഷ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വീട്ടിൽ എത്തി അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ആറാം തീയതി ചെതലയം റേഞ്ചിന്റെ പരിധിയിൽ വരുന്ന വിനീഷിന്റെ കൃഷിയിടത്തിൽ എത്തിയ പുള്ളിമാനിനെ ഇവർ വേട്ടയാടിയിരുന്നു. ഈ സംഭവത്തിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
വിനീഷിന്റെ വീട്ടിൽ നിന്നും ഏകദേശം നാല് കിലോയോളം വരുന്ന ഉണക്കിയതും മൂന്ന് കിലോ ഫ്രിഡ്‌ജിൽ സൂക്ഷിച്ച നിലയിലുമുള്ള മാനിറച്ചി വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. മാനിനെ വെടിവെയ്‌ക്കാൻ ഉപയോഗിച്ച നാടൻ തോക്കും പ്രതികൾ ഉപയോഗിച്ച ജീപ്പും ബൈക്കുമുൾപ്പടെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനിന്റെ തോലും മറ്റ് അവശിഷ്‌ടങ്ങളും പ്രതികൾ പുഴയിൽ ഒഴുക്കി കളയുകയായിരുന്നു.
മാനിനെ വേട്ടയാടിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെതലയം റെയ്‌ഞ്ചർ കെപി അബ്‌ദുൾ സമദ്, പുൽപ്പള്ളി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ചർ സുനിൽകുമാർ, ഫോറസ്‌റ്റർ മണികണ്‌ഠൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ വീട്ടിലെത്തി അറസ്‌റ്റ് ചെയ്‌തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു