ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12–വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭാരത് സോണിയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഉജ്‌ജയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ വീട്.
സ്‌ഥലം സർക്കാരിന്റേത് ആയതിനാൽ നോട്ടീസ് നൽകേണ്ട കാര്യമില്ലെന്ന് മുനിസിപ്പൽ കമ്മീഷണർ റോഷൻ സിങ് അറിയിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ നാളെ വീട് പൊളിച്ചു നീക്കുമെന്നും അദ്ദേഹം അറിയിച്ചു. സിസിടിവി പരിശോധനകൾക്ക് ഒടുവിലാണ് പ്രതി പിടിയിലായത്. 35ഓളം പേർ 700ലധികം സിസിടിവികൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ അജയ് വർമ പറഞ്ഞു.
ഉജ്‌ജയിനിൽ ബലാൽസംഘത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ചു അലറിക്കരഞ്ഞു സഹായത്തിനായി വാതിലിൽ മുട്ടിയിട്ടും നാട്ടുകാർ ആട്ടിപ്പായിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഉജ്‌ജയിനിലെ ബദ്‌നഗർ റോഡിലാണ് ചോരയൊലിക്കുന്ന നിലയിൽ 12 വയസുകാരിയെ കണ്ടത്. തെരുവിലൂടെ അലറിക്കരഞ്ഞു നടക്കുന്ന പെൺകുട്ടി വീടുകൾ തോറും കയറി സഹായം അഭ്യർഥിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്‌തത്. ഒടുവിൽ ഒരു ആശ്രമത്തിലെത്തിയ പെൺകുട്ടിയെ ഇവിടെയുണ്ടായിരുന്ന പുരോഹിതനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിലെ വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതായി സ്‌ഥിരീകരിക്കുകയായിരുന്നു.
Most Read| ഐഎസ് ഭീകരർ എത്തിയത് കാസർഗോഡ്, കണ്ണൂർ വനമേഖലയിൽ; ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചു